മുഖ്യമന്ത്രിയുടേത് വിരട്ടലോ?; ഏറ്റെടുത്ത് പ്രതിപക്ഷം, വ്യാപക പ്രതിഷേധം


മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: വ്യാപാരികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ 'മനസ്സിലാക്കി കളിച്ചാല്‍ മതി' എന്ന പ്രസ്താവന ഏറ്റെടുത്ത് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വ്യാപാരികളുടെ സമരത്തിന് പ്രതിപക്ഷവും ബിജെപിയും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ആത്മഹത്യ മുന്നില്‍ കണ്ട് നില്‍ക്കുന്ന ഒരു സമൂഹത്തോട് മുഖ്യമന്ത്രി നടത്തിയ വെല്ലുവിളി ധാര്‍ഷ്ട്യം നിറഞ്ഞതാണെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. ഇതിനിടെ സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണവുമായി ഇടതുപക്ഷ അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമതിയും രംഗത്തെത്തി. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് സിപിഎം മുന്‍ എംഎല്‍എയും വ്യാപാരി വ്യവസായി സമിതി പ്രസിഡന്റുമായ വി.കെ.സി.മമ്മത് കോയ പറഞ്ഞു. തങ്ങള്‍ സമരത്തിനിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

'മനസ്സിലാക്കി കളിച്ചാല്‍ മതി' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തില്‍ വിലപ്പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യന്‍ കടക്കെണിയില്‍ പെട്ട് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാന്‍ നോക്കുന്നോ ?ഇത് കേരളമാണ്... മറക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാപാരികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ജീവിതം വഴിമുട്ടിയവരോട് മുഖ്യമന്ത്രിക്ക് ഒരു മയത്തില്‍ പെരുമാറികൂടെയെന്നും ചോദിച്ചു. വ്യാപാരികളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും കേള്‍ക്കുകയും പരിഹാരം നല്‍കുകയും വേണം. ഈ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനോടല്ലാതെ പിന്നാരോടാണ് അവര്‍ പറയുക. കച്ചവട സ്ഥാപനങ്ങള്‍ നിലനില്‍പ്പിന്റെ അവസാനപടിയിലെത്തിയപ്പോഴാണ് പോലീസ് അനുവദിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. അവരോട് യുദ്ധം ചെയ്യാനല്ല സര്‍ക്കാര്‍ പോകേണ്ടത്. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനുള്ള ക്രിയാത്മകമായ ചര്‍ച്ചയാണ് വേണ്ടത്. അതാണ് ഒരു ജനാധിപത്യ സംവിധാനത്തില്‍ ഭരണകൂടം ചെയ്യേണ്ടതെന്ന് ഓര്‍മപ്പെടുത്തുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

വ്യാപാരികള്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായി ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. 'കേരളത്തിലെ വ്യാപാരി വ്യവസായികള്‍ അവരും മനുഷ്യരാണ്. ജീവിക്കാന്‍ വേണ്ടിയാണ് കച്ചവടം ചെയ്യുന്നത്. ലക്ഷക്കണക്കിന് വ്യാപാരികള്‍ കട തുറക്കാന്‍ കഴിയാതെ വളരെയധികം ബുദ്ധിമുട്ടുകയാണ്. കട തുറക്കുമെന്ന് പറഞ്ഞപ്പോള്‍ കാണിച്ചു തരാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ നടപടിയാണിത്. മറ്റൊരു വഴിയുമില്ലാത്ത വ്യാപാരികളാണ് കടതുറക്കാന്‍ പരിശ്രമിക്കുന്നത്. അവരെ സഹായിക്കുന്നതിന് പകരം ദ്രോഹിക്കുകയാണ്. നമ്മുടെ കോവിഡ് നിയന്ത്രണം അശാസ്ത്രീയമാണെന്ന് ഐഎംഎ അടക്കം വിദഗദ്ധര്‍ പറഞ്ഞിട്ടുള്ളതാണ്. കടകള്‍ കൂടുതല്‍ സമയം തുറക്കണമെന്നാണ് ഇവരെല്ലാം പറയുന്നത്. വ്യാപാരികള്‍ കട തുറക്കാന്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ അവരെ സഹായിക്കും' കെ.സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.'നേരിടേണ്ട രീതിയില്‍ നേരിടും, അതു മനസ്സിലാക്കി കളിച്ചാല്‍ മതി'ഒരു സംസ്ഥാന മുഖ്യമന്ത്രി, കടയടച്ച് ലോണ്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാതെ കടം കേറി മുടിയുന്ന വ്യാപാരികളോട് പറയുന്ന വാക്കാണ്. ജോസഫൈന്‍മാരെ വീട്ടിലിരുത്തിക്കാന്‍ ഇടതു പ്രൊഫൈലുകള്‍ നന്നായി പണിയെടുക്കും. പക്ഷേ പിണറായി വിജയനെതിരെ ഒരക്ഷരം മിണ്ടില്ല. സഹാനുഭൂതി, തന്മയിഭാവം എന്നീ ഗുണമില്ലാത്ത ഭരണാധികാരികള്‍ അഭിനവ നീറോമാരാണ്. കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക സിപിഐ(എം) എംപി ഇപ്പോള്‍ മുഖ്യമന്ത്രിക്ക് കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടത്രെ!. ഇടത് എം പിക്ക് പോലും ഈ പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയില്ലല്ലോ!' ശോഭാ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹം വഹിക്കുന്നപദവിക്ക് ഒട്ടും യോജിച്ചതല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒന്നരവര്‍ഷത്തോളമായി കടകള്‍ അടഞ്ഞു കിടക്കുന്നതു മൂലം വ്യാപാരികള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ ജീവിതമാര്‍ഗം തന്നെ ഇല്ലാതായി. പലരും ആത്മഹത്യയുടെ വക്കിലാണ്. കടകള്‍ തുറക്കാനുള്ള നിയന്ത്രണങ്ങള്‍ മൂലം സാധാരണ ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണ്.കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ഐഎംഎ പോലുള്ള വിദഗ്ധസമിതികളുടെ നിര്‍ദേശം സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ആശ്വസിപ്പിച്ച് കൂടെ നിര്‍ത്തേണ്ടേ വ്യാപര സമൂഹത്തെ ശത്രുക്കളായി കാണുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിക്ഷേപകര്‍ക്ക് ഒരു ആത്മവിശ്വാസം നല്‍കുന്നില്ല. ഉപജീവനത്തിന് വേണ്ട എല്ലാവരും ക്ഷമിച്ച് ക്ഷമിച്ച് നില്‍ക്കുന്ന ഘട്ടത്തിലാണ് നിങ്ങളെ എല്ലാവരും കാണിച്ച് തരാമെന്ന് പറഞ്ഞ് വിരട്ടുന്നത്. അധികാരം ഉപയോഗിച്ചാണ് ഇതിന് ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ഈ ''സിസ്റ്റ'ത്തിന് ഒരു മാറ്റമുണ്ടാവണമെന്നാണ് ഞങ്ങളൊക്കെ ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. പക്ഷേ, ഞങ്ങള്‍ തോറ്റുപോയി.സിസ്റ്റം ഇങ്ങനെത്തന്നെ തുടരട്ടെ എന്നായിരുന്നു ജനവിധി.വിധി!'വി.ടി.ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വ്യാപാരികള്‍ സൂക്ഷിച്ചോളൂ..കളി ഡല്‍ഹിയില്‍ നിന്ന് നേരിട്ട് പഠിക്കുകയാണെന്ന് മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം പരിഹസിച്ചു.

കടവാടകയിലും വൈദ്യുതി ചാര്‍ജ്ജ് ഇനത്തിലും കൊടുക്കേണ്ട നികുതികളിലും അടയ്‌ക്കേണ്ട വായ്പകളിലും യാതൊരു ഇളവും ലഭിക്കാതെ എല്ലാ അര്‍ത്ഥത്തിലും വ്യാപാര സമൂഹത്തിന് പിടിച്ചുനില്‍ക്കനാവാത്ത സാഹചര്യമാണ്.ഇങ്ങനെയുള്ള വ്യാപാരി സമൂഹത്തോട് നമുക്ക് ഒരുമിച്ച് ഈ പ്രയാസങ്ങളെ നേരിടാം എന്നു പറയുന്നതിനു പകരം 'നിങ്ങളെ നേരിടും' എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍, ഈ സര്‍ക്കാരിനെ തിരഞ്ഞെടുത്ത ജനത്തിനോട് ''അനുഭവിച്ചോ'' എന്ന് ആരെങ്കിലും പറയുന്നതുപോലെ തോന്നിയാല്‍ അതില്‍ അത്ഭുതമില്ലെന്ന് മഞ്ഞളാം കുഴി അലി എംഎല്‍എ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented