തിരുവനന്തപുരം: ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ സാധാരണ രീതിയില്‍ ഉപയോഗിക്കാന്‍ അവസരം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണം വെളുപ്പിക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കം കള്ളപ്പണ ലോബിയെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

കള്ളപ്പണ ലോബിക്ക് കള്ളപ്പണം സുരക്ഷിതമായി മാറ്റുന്നതിന് നേരത്തെ തന്നെ സൗകര്യം ഒരുക്കിയിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. ബിജെപിക്കാര്‍ നിക്ഷേപിച്ച തുകയുടെ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. കള്ളപ്പണം കയ്യിലുള്ളവര്‍ക്ക് ഇതുകൊണ്ട് ഒരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല എന്നു മാത്രമല്ല സാധാരണക്കാര്‍ വല്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നു. 

തിടുക്കപ്പെട്ട് ഇത്തരം നടപടി സ്വീകരിക്കുമ്പോള്‍ പകരം സംവിധാനങ്ങള്‍ ഒരുക്കേണ്ടതായിരുന്നു. ബാങ്കുകളില്‍നിന്ന് പണം ലഭിക്കാതെ ചിലര്‍ ആത്മഹത്യ ചെയ്തു. ചികിത്സ ലഭിക്കാതെയും മരുന്നുവാങ്ങാന്‍ കഴിയാതെയും ജനങ്ങള്‍ വലയുകയാണ്. പുതിയ നോട്ടുകള്‍ എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ ഒരു ഉത്തരവും നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ പഴയ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഉപയോഗിക്കാന്‍ അവസരം നല്‍കണം.

ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി രാജ്യത്തില്ല. ഇത്രയും നിസ്സംഗ മനോഭാവം മറ്റൊരു സര്‍ക്കാരും സ്വീകരിക്കില്ല. കേന്ദ്ര ധനമന്ത്രിയെ കണ്ട് ഈ ആവശ്യങ്ങള്‍ അറിയിക്കുമെന്നും ഡല്‍ഹിയിലേക്ക് തിരിക്കും മുമ്പ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.