തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരോ സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഒരു കരാറിലും ഒപ്പിട്ടിട്ടില്ല. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഒരു പൊതുമേഖലാ സ്ഥാപനമാണ്. ഏതെങ്കിലും സ്ഥാപനങ്ങള്‍ അങ്ങനെ ഒപ്പിട്ടിട്ടുണ്ടെങ്കില്‍ പിന്നാടാണ് അത് സര്‍ക്കാരിന്റെ പരിഗണനയില്‍ വരിക. അപ്പോഴാണ് നയപരവും നിയമപരവുമായി പരിശോധന നടത്തുക. അതിനനുസരിച്ചുള്ള തീരുമാനമാണ് എടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള കുപ്രചരണങ്ങള്‍ നടത്തി മത്സ്യത്തൊഴിലാളികളുടെ മനസ്സിനെ സര്‍ക്കാരിന് എതിരാക്കി തിരിച്ചുവിടാമെന്ന വ്യാമോഹം നടപ്പാകില്ല. മത്സ്യമേഖലയില്‍ കൃത്യമായ നയം രൂപീകരിച്ചിട്ടുണ്ട്. അത് നടപ്പാക്കുന്ന സര്‍ക്കാരാണിത്.

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാട് നേരത്തെ പറഞ്ഞിട്ടുണ്ട്. വിദേശ ട്രോളറുകള്‍ക്കോ തദ്ദേശീയ കോര്‍പ്പറേറ്റുകളുടെ യാനങ്ങള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നല്‍കാതിരിക്കാന്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ അവയുടെ പ്രവേശനം തടയാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. സംസ്ഥാനത്തിന്റെ തീരക്കടലില്‍ യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള നിയന്ത്രണം ഫലപ്രദമായി നടപ്പാക്കും. കാലഹരണപ്പെടുന്ന യാനങ്ങള്‍ക്ക് പകരമായി പുതിയ യാനങ്ങള്‍ക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം നല്‍കും. ഇതാണ് സര്‍ക്കാരിന്റെ നയം. 

ഏതെങ്കിലും കോര്‍പ്പറേറ്റുകള്‍ക്ക് മത്സ്യത്തൊഴിലാളികളെ തീറെഴുതി കൊടുക്കുന്ന നയം കൊണ്ടുവന്നത് ആരാണെന്ന് പ്രതിപക്ഷ നേതാവിന് ഓര്‍മയില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. അദ്ദേഹം മറന്ന് കാണില്ല. കോണ്‍ഗ്രസ് നേതാവ് നരസിംഹ റാവു പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് ആഴക്കടലില്‍ നിന്ന് മത്സ്യ സമ്പത്ത് അരിച്ചെടുത്ത് കൊണ്ടുപോകാന്‍ പറ്റുന്ന വിദേശ ഭീമന്‍മാര്‍ക്ക് അവസരം നല്‍കിയത്. അതിനെതിരെ പോരാടിയ പാരമ്പര്യമാണ് ഈ സര്‍ക്കാരിനെ നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.