വടകര: ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണ് പിണറായി സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്ന് ബിഡിജെഎസ് സംസ്ഥാന  അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ശബരിമല യുവതി പ്രവേശത്തെ എതിര്‍ക്കുന്നവരെ അവര്‍ണരും സവര്‍ണരുമെന്ന് വേര്‍തിരിക്കുന്നത് സിപിഎമ്മിന്റെ ആശയ പാപ്പരത്തമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് വടകരയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ 98 ശതമാനം വരുന്ന വിശ്വാസികള്‍ക്ക് വേണ്ടിയാണ് എന്‍ഡിഎ രഥയാത്ര നടത്തുന്നത്. ഹിന്ദുവിശ്വാസത്തിന് നേരെയുള്ള കടന്നു കയറ്റത്തിന് ശേഷം സര്‍ക്കാര്‍ ക്രിസ്ത്യന്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് നേരെ തിരിയും. അതിനാല്‍ ശബരിമല സംരക്ഷണം എല്ലാവിഭാഗങ്ങളുടേയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ നീതി നടപ്പാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു. ശബരിമലയെ തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം മലയാളി വിശ്വാസികളെ മാത്രമല്ല അന്യസംസ്ഥാനത്തും വിദേശത്തുമുള്ള കോടിക്കണക്കിന് വിശ്വാസികള്‍ക്കും വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎയുടെ രഥയാത്ര പത്തനംതിട്ടയില്‍ സമാപിക്കുമ്പോഴേക്കും ഈ സര്‍ക്കാരിന് നല്ല ബുദ്ധി ഉണ്ടാകുമെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. 

ബിഡിജെഎസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാല്‍ അദ്ധ്യക്ഷനായിരുന്നു. ജാഥാ കോര്‍ഡിനേറ്റര്‍ എ.എന്‍ രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍, മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ വി ടി രമ, എന്‍ഡിഎ നേതാക്കളായ സുഭാഷ് വാസു, രാജന്‍ കണ്ണാട്ട്, കെ കെ പൊന്നപ്പന്‍,  വി ഗോപകുമാര്‍, എല്‍ മെഹബൂബ്,  ബിജി മണ്ഡപം തുടങ്ങിയവര്‍ പ്രസംഗിച്ചു.