
-
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചു. ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജന്‍സികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് വലിയ അളവില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്കുന്നത്. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ് എന്നും കത്തില്‍ വ്യക്തമാക്കുന്നു.
ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജന്‍സികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്. കള്ളക്കടത്തിന്റെ ഉറവിടം മുതല്‍ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവര്‍ത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം.
അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.

Content Highlights: CM has written to the Prime Minister demanding effective investigation into the gold smuggling case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..