കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും ഉദ്യോഗസ്ഥരും ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ തന്റെ പെന്‍ഷന്‍ എത്ര കാലം വേണമെങ്കിലും സംഭാവന ചെയ്യാമെന്ന് മേജര്‍ രവി. തന്റെ ചലഞ്ച് ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ തയ്യാറുണ്ടോയെന്നും മേജര്‍ രവി ചോദിച്ചു. വാക്‌സിന്‍ ചലഞ്ച് സംബന്ധിച്ച് ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് മേജര്‍ രവിയുടെ പ്രതികരണം.

മേജര്‍ രവിയുടെ വാക്കുകളിലൂടെ...

ദൈവം സൗജന്യമായി നല്‍കിയിരുന്ന ശ്വാസം പോലും പണം കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥയിലേക്ക് മനുഷ്യജന്മം എത്തിയിരിക്കുകയാണ്. നമ്മള്‍ പ്രകൃതിയോട് ചെയ്യുന്ന കര്‍മത്തിന്റെ ഫലമാണിത്. പലര്‍ക്കും അത് വിശ്വാസമുണ്ടാകണമെന്നില്ല. എന്നാല്‍ എനിക്കത് വിശ്വാസമുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ചെറിയ ചെറിയ വരുമാനമുള്ളവര്‍ ഇന്ന് പട്ടിണിയിലാണ്. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ ചലഞ്ചിന് ഉത്തരവിടുന്ന ഭരണാധികാരികള്‍ക്കും ജനങ്ങളോട് കടപ്പാടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവരോടാണ് താനീ പറയുന്നത്.

മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും എംഎല്‍എമാരോടും മുഖ്യമന്ത്രിയോടുമടക്കം ഞാന്‍ തിരിച്ചൊരു ചലഞ്ച് ചെയ്യുകയാണ്. മുഖ്യമന്ത്രിയടക്കം നിങ്ങള്‍ നിങ്ങളുടെ ശമ്പളം ദുരിതാശ്വാസ നിധിയില്‍ ഇട്ടു നല്‍കുകയാണെങ്കില്‍ ഞാന്‍ എന്റെ പെന്‍ഷനും അതിലേക്ക് നല്‍കും. നിങ്ങള്‍ ഒരു മാസത്തെ ശമ്പളം നല്‍കുകയാണെങ്കില്‍ ഒരു മാസത്തെ പെന്‍ഷന്‍ നല്‍കാം. പത്ത് മാസത്തേത് നല്‍കിയാല്‍ പത്ത് മാസത്തെ പെന്‍ഷന്‍ നല്‍കും. എന്റെ ഒരു മാസത്തെ പെന്‍ഷന്‍ കൊണ്ട് ചുരുങ്ങിയത് നൂറ്റമ്പത് പേര്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കാന്‍ സാധിക്കും. ഇനി പുതുതായി വരുന്ന മന്ത്രിസഭയോട് കൂടിയാണ് എന്റെ ചലഞ്ച്. ജീവിതകാലം മുഴുവനും ഈ ചലഞ്ചില്‍ നില്‍ക്കാനും എന്റെ പെന്‍ഷന്‍ നല്‍കാനും ഞാന്‍ തയ്യാറാണ്. 

രാജ്യസ്‌നേഹം എന്നത് വെറുതെ പറഞ്ഞിട്ട് കാര്യമില്ല. രാജ്യത്തിനായി എന്തെങ്കിലും ചെയ്യണം. എന്റെ കാര്യം മാത്രം നടക്കണമെന്ന് മന്ത്രിമാരും വിചാരിക്കരുത്. ജനങ്ങള്‍ക്കും തോന്നട്ടെ മന്ത്രിമാര്‍ ഞങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന്.