കൊച്ചി:  തൃക്കാക്കര നഗരസഭയില്‍  ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. നഗരസഭാധ്യക്ഷയുടെ മുറിയുടെ പൂട്ട് നന്നാക്കാന്‍ ചെലവായ തുകയെച്ചൊല്ലിയായിരുന്നു കൂട്ടയടി. പൂട്ട് നന്നാക്കാന്‍ ചെലവായ തുക നഗരസഭ വഹിക്കണമെന്ന ആവശ്യത്തെ പ്രതിപക്ഷം എതിര്‍ത്തതോടെ കൗണ്‍സില്‍ യോഗം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 

നേരത്തെ പണക്കിഴി വിവാദത്തെച്ചൊല്ലി നടന്ന സമരങ്ങള്‍ക്കിടെയാണ് മുറിയുടെ പൂട്ട് തകര്‍ന്നത്. ഈ പൂട്ട് ശരിയാക്കാന്‍ എണ്ണായിരം രൂപ ചെലവായെന്ന് നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ അറിയിച്ചു. ഈ തുക നഗരസഭയുടെ കണക്കില്‍ എഴുതണമെന്നും പറഞ്ഞു. ഇതോടെ ഇടത് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. 

വിജിലന്‍സ് പൂട്ടിയ മുറിയുടെ പൂട്ട് തകര്‍ത്തത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണെന്നും അതിന് ചെലവായ തുക നഗരസഭയുടെ കണക്കില്‍പ്പെടുത്താന്‍ കഴിയില്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. 

പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തന്നെ ക്രൂരമായി മര്‍ദിച്ചെന്നാണ് അധ്യക്ഷയായ അജിത തങ്കപ്പന്റെ ആരോപണം. ഡയസില്‍ കയറിവന്നാണ് അടിച്ചതെന്നും അടിയേറ്റ് നിലത്തുവീണെന്നും അധ്യക്ഷ പറഞ്ഞു. അതേസമയം, ഭരണപക്ഷത്തെ കൗണ്‍സിലര്‍മാര്‍ മര്‍ദിച്ചെന്ന് പ്രതിപക്ഷവും ആരോപിച്ചു. 

Content Highlights: clash in thrikkakara municipality council meeting