ധീരജ്| Photo: Special arrangement, www.gecidukki.ac.in
പൈനാവ്: ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്ത്തകൻ കുത്തേറ്റു മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. ഏഴാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു ധീരജ്.
ആക്രമണത്തില്‍ മറ്റ് രണ്ടുപേര്‍ക്കു കൂടി പരിക്കേറ്റിട്ടുണ്ട്. കോളേജ് തിരഞ്ഞെടുപ്പിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ആയിരുന്നു ആക്രമണം.
കുത്തേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. കോളേജ് ക്യാമ്പസിന് പുറത്തുവെച്ചായിരുന്നു ആക്രമണം നടന്നത്. ധീരജിനെ കുത്തിയത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കോളേജില്‍ തിങ്കളാഴ്ച തിരഞ്ഞെടുപ്പായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു-എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. ഇതിനിടെയാണ് മൂന്നുപേര്‍ക്ക് കുത്തേറ്റത്.
വിദ്യാര്‍ഥി സംഘര്‍ഷത്തിലേക്ക് നയിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചുവെന്നാണ് വിവരം.
Content Highlights : SFI activist stabbed to death in College of Engineering, Idukki
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..