തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെയുണ്ടായ അസാധാരണ സംഭവങ്ങളില്‍ സ്പീക്കര്‍ക്ക് അതൃപ്തി. സഭയില്‍ കൈയാങ്കളിയും ബഹളവുമുണ്ടായപ്പോള്‍ സമയവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സുപ്രധാന നിയമനിര്‍മാണത്തിന് വിളിച്ചുചേര്‍ത്ത സഭാസമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കേണ്ടിവന്നത് ശരിയായ രീതിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

''സഭയില്‍ എങ്ങനെ പെരുമാറണം, ഏത് രീതി സ്വീകരിക്കണം എന്നതെല്ലാം ബന്ധപ്പെട്ട കക്ഷികളും അംഗങ്ങളും തീരുമാനിക്കണം. ഏറെ ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്ന സമ്മേളനമായിരുന്നു. ഗൗരവത്തോടെ സഭാസമ്മേളനം നടന്നുപോകണമെന്നും ആഗ്രഹമുണ്ടായിരുന്നു' -സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. 

എം.കെ. മുനീര്‍ വനിതാ മതിലിനെ വര്‍ഗീയ മതിലെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് നിയമസഭയില്‍ നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. മുനീറിന്റെ പരാമര്‍ശത്തിനെത്തിരേ ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ കാര്യങ്ങള്‍ വഷളായി. പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മുനീറിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാല്‍ താന്‍ പരാമര്‍ശം പിന്‍വലിക്കില്ലെന്നും, വേണമെങ്കില്‍ സ്പീക്കര്‍ക്ക് സഭാരേഖകളില്‍നിന്ന് പരാമര്‍ശം നീക്കാമെന്നും മുനീര്‍ വ്യക്തമാക്കി. ഇതിനിടെ എം.കെ മുനീര്‍ സംസാരിച്ചുതീരുന്നതിന് മുന്‍പ് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിനെതിരേ പ്രതിഷേധിച്ച പ്രതിപക്ഷ സഭ വിടുകയാണെന്ന് പ്രഖ്യാപിച്ചു. ഇതിനിടെയാണ് ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്. 

Content Highlights: clash in assembly, speaker says about the incident