തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മത്സ്യഫെഡ് വഴി മത്സ്യം സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് മത്സ്യ ബന്ധന തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം. മത്സ്യ ഫെഡ് വഴി സര്‍ക്കാര്‍ മത്സ്യം സംഭരിക്കുമ്പോള്‍ ഹാര്‍ബറിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല എന്ന പരാതിയെത്തുടര്‍ന്നുണ്ടായ സംസാരമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

ഇന്നു വെളുപ്പിന് പന്ത്രണ്ടു മണിയോടെ ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികളും കച്ചവടക്കാരും പോലീസുമായി നടന്ന സംസാരം വലിയ വാക്കേറ്റത്തിന് വഴി വയ്ക്കുകയും ഇവരെ അടക്കി നിര്‍ത്താന്‍ പിന്നീട് പോലീസിന് ഫോഴ്‌സിനെ ഉപയോഗിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്തു. 

മത്സ്യ ഫെഡ് വഴി സര്‍ക്കാര്‍ മത്സ്യം സംഭരിക്കാന്‍ തയ്യാറായെങ്കിലും വളരെ തുച്ഛമായ അടിസ്ഥാന വിലയാണ് ഓരോ ഇനം മല്‍സ്യത്തിനും നല്‍കുന്നത്. ഇതുകൂടാതെ മത്സ്യത്തിന് പ്രതിഫലമായി കിട്ടുന്ന തുക പിന്നീട് ബാങ്ക് അക്കൗണ്ട് വഴിയേ ലഭിക്കൂ എന്ന വിവരവും മത്സ്യ ബന്ധന തൊഴിലാളികളെ ചൊടിപ്പിച്ചു. 

ഹാര്‍ബറില്‍ നിന്നും ചെറുകിട കച്ചവടക്കാര്‍ക്ക് മത്സ്യം വാങ്ങുവാനോ പിന്നീട് അതു വില്‍ക്കുവാനോ ഉള്ള സാഹചര്യം അധികൃതര്‍ നല്‍കുന്നില്ല. ഇതേ തുടര്‍ന്ന് ചെറുകിട കച്ചവടക്കാരും അവരുടെ കുടുംബങ്ങളും കടുത്ത ദാരിദ്ര്യത്തിലാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്നും തൊഴിലാളികള്‍ പറയുന്നു. 

content highlight: clash between police and fishermen in vizhinjam police uses force to make them calm