കോഴിക്കോട്:  സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കലഹമാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും പുനസംഘടനയില്‍ പലര്‍ക്കും പരാതിയുണ്ടെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് സി.കെ പത്മാനാഭന്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടികള്‍ക്ക് ശേഷം പല നിയോജകമണ്ഡലങ്ങളില്‍ നിന്നും പരാതികള്‍ എത്തിയിരുന്നു. ഇത് പരിഹരിച്ചിട്ടാവാം പുനസംഘടനയെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ആ പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. പലരും വിവിധ ഭാഗങ്ങളില്‍ നിന്ന് വിളിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും പത്മനാഭന്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു.

പല ജില്ലകളില്‍ നിന്നും ആളുകള്‍ പാര്‍ട്ടി വിട്ട് പോവുന്നുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. ഞാന്‍ പാര്‍ട്ടി വിട്ടുപോവുമെന്ന പ്രചാരണമൊന്നും ശരിയല്ല. ഇതുവരെ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും സി.കെ  പത്മനാഭന്‍ ചൂണ്ടിക്കാട്ടി. എന്ത് വിഷയം  വരുമ്പോഴും എന്റെ പേര് വലിച്ചഴിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാര്‍ പാര്‍ട്ടിക്ക് അകത്തും പുറത്തുമുണ്ട്. അതില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം  പറഞ്ഞു. 

പലയിടത്തും പ്രശ്‌നങ്ങളുണ്ടായിട്ടും അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാത്രം മാറ്റിയായിരുന്നു ബി.ജെ.പിയുടെ പുനസംഘടന. എന്താണ് ഇങ്ങനെയൊരു പുനസംഘടന എന്ന ചോദ്യത്തിന് വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും അതിന് താന്‍ വലിയ പ്രസക്തി നല്‍കുന്നില്ലെന്നും പത്മനാഭന്‍ പറഞ്ഞു. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് എന്റെ മുന്നിലുള്ളത്. അത് ഏറ്റെടുത്ത് തുടരുമെന്നും പത്മനാഭന്‍ ചൂണ്ടിക്കാട്ടി. 

വ്യക്തികള്‍ക്കല്ല നയങ്ങള്‍ക്കും  നിലപാടുകള്‍ക്കുമാണ് പ്രാധാന്യം  നല്‍കേണ്ടത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പല കാര്യങ്ങളും  ചെയ്യുമ്പോഴും അതിനെ ജനങ്ങള്‍ എങ്ങനെയെടുക്കുന്നുവെന്നതാണ് ഏറ്റവും  പ്രധാന വിഷയം. കാലങ്ങളായി കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പല പരിപാടികളും നടത്തിയിട്ടും ഒന്നും നേടാനായില്ല എന്നത് യാഥാര്‍ഥ്യമാണ്. ഇതിന് നേതാക്കള്‍ പരിഹാരം കാണട്ടെയെന്നും സി.കെ പത്മനാഭന്‍ പറഞ്ഞു.