വാഗണിൽനിന്നു കരാറുകാരന്റെ ലോറിയിൽ അരി കയറ്റുന്നത് സി.ഐ.ടി.യു. യൂണിയൻ തടഞ്ഞപ്പോൾ
ആലപ്പുഴ: സി.ഐ.ടി.യു. യൂണിയന്റെ പിടിവാശിമൂലം എഫ്.സി.ഐ. ഗോഡൗണിലേക്കു കൊണ്ടുവന്ന റേഷനരി വാഗണില്‍ നിന്നിറക്കാന്‍ രണ്ടുദിവസം വൈകി. ഇതോടെ കരാറുകാരനു ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഗുഡ്‌സ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ (സി.ഐ.ടി.യു.) നിലപാടാണ് റേഷനരി നീക്കത്തിനു തടസ്സമായത്. ആദ്യദിനം ലോറി വിട്ടുനല്‍കാതിരുന്ന യൂണിയന്‍കാര്‍ രണ്ടാംദിനം കരാറുകാരന്‍ കൊണ്ടുവന്ന ലോറി തടഞ്ഞു.
ചൊവ്വാഴ്ചരാവിലെ എട്ടോടെയാണ് തെലങ്കാനയില്‍നിന്ന് അരിയുമായി 27 വാഗണ്‍ (168 ലോഡ്) ആലപ്പുഴ റെയില്‍വേ ഗുഡ്‌സ് ഷെഡ്ഡിലെത്തിയത്. ഇക്കാര്യം മുന്‍കൂട്ടി യൂണിയനെ അറിയിച്ചെങ്കിലും ലോറി വിട്ടുനല്‍കാതെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തില്‍ പങ്കെടുക്കാനായി തൊഴിലാളികള്‍ പോയി. ഒടുവില്‍ കരാറുകാരന്‍ മറ്റൊരു ലോറിയുമായെത്തി ചൊവ്വാഴ്ചതന്നെ 10 വാഗണിലെ അരിനീക്കി.
ബുധനാഴ്ചരാവിലെയും യൂണിയന്‍കാര്‍ ലോറികള്‍ നല്‍കിയില്ല. തുടര്‍ന്നു കരാറുകാരന്‍ സ്വന്തം ലോറി കൊണ്ടുവന്ന് ചരക്കു നീക്കിത്തുടങ്ങി. യൂണിയന്‍കാരെത്തി ഇതു തടഞ്ഞതോടെ സംഘര്‍ഷമായി. തുടര്‍ന്നു പോലീസെത്തി. തര്‍ക്കം മുറുകിയതോടെ എം.എല്‍.എ.മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം എന്നിവരിടപെട്ടതോടെ പ്രശ്‌നപരിഹാരമായി.
ഒടുവില്‍ യൂണിയന്‍കാര്‍തന്നെ വാഗണില്‍നിന്ന് അരിയിറക്കാന്‍ തയ്യാറായി. കൂടുതല്‍ ലോറികളെത്തിച്ച് വൈകുന്നേരത്തോടെ അരി എഫ്.സി.ഐ. ഗോഡൗണിലെത്തിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നിനു മുന്‍പാണ് വാഗണില്‍നിന്ന് അരി നീക്കേണ്ടിയിരുന്നത്.
അരി നീക്കാന്‍ ഒരുദിവസം വൈകിയതിനാല്‍ റെയില്‍വേക്ക് അഞ്ചരലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നു കരാറുകാരനായ സെയ്തു മുഹമ്മദ് നവാസ് പറഞ്ഞു. ആലപ്പുഴയില്‍ മാത്രമാണ് യൂണിയന്‍കാര്‍ ഇത്തരമൊരു നിലപാടു സ്വീകരിച്ചതെന്നും മറ്റൊരിടത്തും പ്രശ്‌നങ്ങളുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിനുപോകുന്ന കാര്യംകാണിച്ച് അധികൃതര്‍ക്കും കരാറുകാര്‍ക്കും കത്തുനല്‍കിയിരുെന്നന്നു ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു.) സെക്രട്ടറി ഒ. അഷ്‌റഫ് പറഞ്ഞു. കത്തിന്റെയടിസ്ഥാനത്തില്‍ റെയില്‍വേക്ക് അധികൃതര്‍ അറിയിപ്പുകൊടുത്തതാണ്. എന്നാല്‍, റെയില്‍വേ അതേദിവസംതന്നെ വാഗണയച്ചതാണ് പ്രശ്‌നത്തിനു കാരണമായതെന്ന് അഷ്‌റഫ് പറഞ്ഞു.
Content Highlights: citu union, fci godown, ration rice
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..