ബസിന് മുന്നിൽ സിഐടിയുവിന്റെ പ്രതിഷേധം, സി.ഐ.ടി.യു. സമരത്തെ തുടർന്നു കയറ്റിയിട്ടിരിക്കുന്ന സ്വകാര്യ ബസ്
ആലപ്പുഴ/കലവൂര്‍: മണലാരണ്യത്തില്‍ പണിയെടുത്തു സമ്പാദിച്ച പണംകൊണ്ട് ഗള്‍ഫ്‌മോട്ടോഴ്‌സ് എന്ന പേരിട്ടു നാട്ടില്‍ ബസിറക്കിയ ഒരു 'മുതലാളി'യുടെ കഥയായിരുന്നു വരവേല്‍പ്പ് എന്ന സിനിമയുടേത്. സമാനമായ സംഭവങ്ങളാണ് ഇപ്പോള്‍ ആലപ്പുഴയില്‍ നടക്കുന്നത്.
സി.ഐ.ടി.യു. സമരം മൂലം അഞ്ചുദിവസമായി ഒരു സ്വകാര്യബസ് കട്ടപ്പുറത്താണ്. കലവൂര്‍-ആലപ്പുഴ-റെയില്‍വേ സ്റ്റേഷന്‍ റൂട്ടിലോടുന്ന 'അംബികേശ്വരി' ബസാണ് ഓട്ടം മുടങ്ങി ഷെഡിലായത്.
വരുമാനനഷ്ടവും തൊഴിലാളിയുടെ ശല്യവും സഹിക്കാതെ വന്നതിനാല്‍ സുഹൃത്തുവിറ്റ ബസ് വാങ്ങിയ സ്ത്രീക്കാണു ദുരനുഭവം. കന്നിയോട്ടം പൂര്‍ത്തിയാകുന്നതിനുമുന്‍പേ ബസ് തടഞ്ഞുകൊടികുത്തി. ഓടാന്‍ പറ്റാതെ ബന്ധുവിന്റെ പുരയിടത്തില്‍ കയറ്റിയിട്ടിട്ട് അഞ്ചുദിവസമായി.
നേരത്തേയുണ്ടായിരുന്ന കണ്ടക്ടര്‍ക്കു ജോലി നല്‍കണമെന്നാവശ്യപ്പെട്ടാണ് മോട്ടോര്‍ തൊഴിലാളി വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു.) പ്രാദേശിക നേതാവ് റജീബ് അലിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസ് തടഞ്ഞിട്ടത്. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസില്‍ കൊടികുത്തി പ്രതിഷേധിച്ചു. ബസോടിക്കാന്‍ കഴിയില്ലെന്നുവന്നതോടെയാണ് കലവൂരിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു മാറ്റിയത്.
കണിച്ചുകുളങ്ങരയിലെ അധ്യാപികയായ നിഷ തന്റെ സഹപ്രവര്‍ത്തകയുടെ അമ്മയായ സ്‌നേഹമ്മയ്ക്കു കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബസ് വിറ്റത്. നിഷയുടെ ഭര്‍ത്താവിന്റെ മരണവും ലോക്‌ഡൗണും നിമിത്തം രണ്ടുവര്‍ഷം ബസ് ഓടിയിരുന്നില്ല. കോവിഡിനുശേഷം ഓടിയെങ്കിലും പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ല.
ബസ് വില്‍ക്കുകയാണെന്ന് തൊഴിലാളികളോടു പറഞ്ഞിരുന്നതായി നിഷ പറഞ്ഞു. തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കണ്ടക്ടര്‍മാരില്‍ ഒരാളും യൂണിയന്‍ നേതാക്കന്മാരും നിരന്തര ശല്യമുണ്ടാക്കിയതും ബസ് വില്‍ക്കാന്‍ കാരണമായി. പ്രശ്‌നമുണ്ടാക്കിയ കണ്ടക്ടര്‍ക്കു നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞിരുന്നതായി നിഷ പറയുന്നു.
പെര്‍മിറ്റ് അടക്കം ബസ് മാത്രമാണു വാങ്ങിയതെന്നും തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്നുമുള്ള നിലപാടിലാണ് സ്‌നേഹമ്മ. എന്തു പ്രതിബന്ധങ്ങളുണ്ടായാലും ബുധനാഴ്ച മുതല്‍ ബസ് ഓടിക്കാനാണ് അവരുടെ തീരുമാനം. വിഷയത്തെക്കുറിച്ചു പിന്നീട് പ്രതികരിക്കാമെന്ന് സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി. ഗാനകുമാര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..