കൊച്ചി: സി.ഐ.ടി.യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം ഗോപിനാഥിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷണം നടത്തും. ഗോപിനാഥില്‍നിന്നും പരാതി സ്വീകരിച്ചശേഷം ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചതാണ് ഇക്കാര്യം. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഗോപിനാഥിന്റെ മക്കള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനം.

ഞായറാഴ്ച രാവിലെ കൊച്ചിയിലെത്തിയ ഡി.ജി.പിയെ സന്ദര്‍ശിച്ച് ഗോപിനാഥും മകളും പരാതി നല്‍കി. ഗൗരവമേറിയ സംഭവമാണ് ഇതെന്നും പഴുതടച്ച അന്വേഷണമുണ്ടാവുമെന്നും പരാതി സ്വീകരിച്ചശേഷം ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു. ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ സ്വീകരിച്ച നിലപാട് അടക്കമുള്ളവയാകാം വധശ്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

ഓണ്‍ലൈന്‍ ടാക്‌സിക്കെതിരായ സമരം ഉദ്ഘാടനം ചെയ്തശേഷം മറ്റൊരു സമരം നടക്കുന്ന സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ഗോപിനാഥിന് കുത്തേറ്റത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ നല്‍കിയ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. വാടക കൊലയാളിയാവാം ഇയാളെന്നാണ് പോലീസ് സംശയിക്കുന്നത്.