കൊച്ചി: സി.ഐ.ടി.യു നേതാവിന് കുത്തേറ്റ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരായ സമരം ഉദ്ഘാടനം ചെയ്തശേഷം മറ്റൊരു സമര സ്ഥലത്തേക്ക് പോകുന്നതിനിടെ ഈമാസം എട്ടിനാണ് സി.ഐ.ടി.യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥിന് കുത്തേറ്റത്.

ആക്രമണത്തിന്റെ കാരണം അന്വേഷിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നില്ലെന്ന് ഗോപിനാഥിന്റെ മക്കളായ ദിവ്യയും വൃന്ദയും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല, എന്നാല്‍ മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്. ആക്രമണം നടത്തിയ ആള്‍ വാടക കൊലയാളിയാണെന്ന് സംശയിക്കുന്നു. അക്രമിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴുത്തിന് കുത്തേറ്റ ഗോപിനാഥ് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന് ഉടന്‍ ആസ്പത്രിവിടാന്‍ കഴിയുമെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായിരുന്നു. അതിനിടെ, സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അക്രമത്തിനിരയായ കെ.എന്‍ ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഗുണ്ടാ ആക്രമണത്തിനെതിരെ പാര്‍ട്ടിക്ക് അകത്തും പുറത്തും നിലപാട് സ്വീകരിച്ചിരുന്നു. പിടിയിലായ പ്രതി പോലീസിന് നല്‍കിയ മൊഴി വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം ആരോപിച്ചു.