കൊച്ചി: ഇടപ്പള്ളിയില്‍ യൂസ്ഡ് കാര്‍ ഷോറൂം ഉടമയെ ക്രൂരമായി മര്‍ദ്ദിച്ച മൂന്ന് തൊഴിലാളികളെ സി.ഐ.ടി.യു സസ്‌പെന്‍ഡ് ചെയ്തു. ജിതീഷ്, വിജു, രാജേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ച നടന്ന അക്രമത്തിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ഡോട്ട് കോം പുറത്തുവിട്ടിരുന്നു.

സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അക്രമ സംഭവങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്ന് നേരത്തെതന്നെ തീരുമാനിച്ചിരുന്നതാണെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി മണി ശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഈ തീരുമാനം കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ച സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ട പ്രശ്‌നമാണെന്ന് കരുതിയാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടപ്പള്ളി റെയില്‍വെ സ്റ്റേഷന്‍ റോഡിലെ കൊണ്ടോടി കാര്‍ വേള്‍ഡില്‍ തിങ്കളാഴ്ചയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ഷോറൂമില്‍നിന്ന് വാങ്ങിയകാര്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ സംഘം വിളിച്ചുവരുത്തിയ തൊഴിലാളികളാണ് ഷോറൂം ഉടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.