കൊച്ചി:  സി.ഐ.ടി.യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥിന് കുത്തേറ്റു. കഴുത്തിന് കുത്തേറ്റ ഇദ്ദേഹത്തെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

പാലാരിവട്ടത്ത് ഓട്ടോ റിക്ഷാ, ടാക്സി തൊഴിലാളികളുടെ യൂബര്‍ ടാക്‌സിക്കെതിരെയുള്ള സമരം ഉദ്ഘാടനം  ചെയ്ത ശേഷം നടന്നു വന്ന് ബൈക്കിൽ കയറുന്നതിനിടെയാണ് കുത്തേറ്റത്. അദ്ദേഹത്തിന്റെ കഴുത്തിലെ ഒരു ഞരമ്പിന് മുറിവേറ്റിട്ടുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഗോപിനാഥിനെ കുത്തിയ വടകര സ്വദേശി വൈശാഖത്തിൽ ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല, പാലാരിവട്ടം പോലീസ് സ്റ്റേഷനിലുള്ള ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഉണ്ണികൃഷ്ണനും ഗോപിനാഥും തമ്മിൽ മുൻ പരിചയമില്ലെന്നും അതു കൊണ്ടു തന്നെ സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമല്ലെന്നുമാണ് പോലീസ് നിഗമനം.

kochi
 പ്രതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നു.ഫോട്ടോ: ടികെ പ്രദീപ് കുമാര്‍

സമരം ഉദ്ഘാടനം ചെയ്ത സംസാരിച്ച ശേഷം നടന്നു വരുമ്പോൾ കെആര്‍ ബേക്കറിക്ക് മുന്നില്‍ വെച്ച് കാറിൽ നിന്നിറങ്ങിയ ഒരാൾ പുറകില്‍ നിന്ന് വന്ന് കുത്തിയിട്ട് ഓടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പാലാരിവട്ടത്ത് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കൊച്ചി നഗരത്തിലെ ഓട്ടോ റിക്ഷകളും ടാക്സി കാറുകളും വൈകുന്നേരം ആറു മണിവരെ ഓട്ടം നിർത്തിവെച്ചു. നഗരത്തില്‍ യൂബര്‍ ടാക്‌സിക്കെതിരായി സി.ഐ.ടി.യു ശക്തമായ സമരപരിപാടികള്‍ നടത്തി വരികയായിരുന്നു.