തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ജനുവരി അഞ്ച് ചൊവ്വാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. പകുതി സീറ്റുകളില്‍ മാത്രമായിരിക്കും കാണികളെ അനുവദിക്കുക. പതിവ് വാർത്താ സമ്മേളനത്തിനിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ജനജീവിതം സാധാരണ നിലയില്‍ കൊണ്ടുവരുന്നതിന് വേണ്ടി സര്‍ക്കാര്‍ ഇളവുകള്‍ ആലോചിക്കുകയാണെന്നും ജനങ്ങളുടെ ഉപജീവന മാര്‍ഗവും മാനസിക സാമൂഹിക ക്ഷേമവും സംരക്ഷിക്കുന്നതിനാണ് ഇളവുകള്‍ അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

'ജനുവരി അഞ്ചുമുതല്‍ തിയേറ്ററുകള്‍ തുറക്കാവുന്നതാണ്. ഒരു വര്‍ഷത്തോളമായി തിയേറ്ററുകള്‍ പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്. ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഇതുമൂലം വലിയ പ്രതിസന്ധിയിലാണ്. ഇത് കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചു. ആകെയുളള സീറ്റിന്റെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുളളൂ. അതായത് പകുതി ടിക്കറ്റ് മാത്രമേ വില്ക്കാന്‍ പാടൂ. അതോടൊപ്പം ആരോഗ്യവകുപ്പിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം.'

നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ തിയേറ്ററുകള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടായകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുറേ നാളുകളായി അടഞ്ഞു കിടന്നതുകൊണ്ട് തുറക്കുന്ന അഞ്ചാം തിയതി മുതല്‍ സിനിമാശാലകള്‍ അണുവിമുക്തമാക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു

Content Highlights:Cinema halls to reopen in Kerala from January 5 with half of seating capacity.