Photo | www.facebook.com/sadikalithangal
മലപ്പുറം: കോഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളേജസ് (സി.ഐ.സി.) ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹക്കീം ഫൈസി ആദൃശ്ശേരി രാജിവെച്ചത് വ്യക്തികളുടെ സമ്മർദ്ദഫലമല്ല, സംഘടന ആവശ്യപ്പെട്ടിട്ടാണെന്ന് സമസ്തകേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോടൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പങ്കെടുത്തു.
സമസ്തയിലെ ഒരു വിഭാഗത്തിന്റെ സമ്മർദ്ദഫലമായാണ് സാദിഖലി തങ്ങൾ തന്റെ രാജി ആവശ്യപ്പെട്ടതെന്ന് കഴിഞ്ഞദിവസം ഹക്കീം ഫൈസി പറഞ്ഞിരുന്നു. എന്നാൽ, രാജി ആവശ്യപ്പെട്ടത് വ്യക്തികളല്ല, സമസ്തയാണെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. വാഫി വഫിയയിലെ കുട്ടികളും രക്ഷിതാക്കളും സമസ്തയുടെ ഭാഗമാണ്. അവരുടെ ആശങ്ക പരിഹരിക്കപ്പെടണം. ആ സംവിധാനം നല്ലനിലയ്ക്ക് കൊണ്ടുപോവുകയും വേണം. ഫൈസിയുടെ രാജിയെത്തുടർന്ന് സ്ഥാപനങ്ങളിലുടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ സമസ്ത പാണക്കാട് സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയതായും ജിഫ്രി തങ്ങൾ പറഞ്ഞു. വാഫി വഫിയയിലെ കുട്ടികളുടെ പഠനത്തെയും പരീക്ഷയെയുമൊന്നും ഈ വിഷയം ബാധിക്കില്ലെന്നും ആ വിധത്തിൽ പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. കൂടുതൽ ചോദ്യങ്ങൾക്ക് ഇരുനേതാക്കളും പ്രതികരിച്ചില്ല.
മത-ഭൗതിക വിദ്യാഭ്യാസരീതി പിന്തുടരുന്ന സി.ഐ.സി.യുടെ കീഴിൽ തൊണ്ണൂറിലധികം കോളേജുകളുണ്ട്. ഇതിന്റെ പ്രസിഡന്റ് സാദിഖലി തങ്ങളാണ്. ജനറൽ സെക്രട്ടറിയായിരുന്നത് ഹക്കീം ഫൈസി ആദൃശ്ശേരിയും.
സമസ്തയുടെ കീഴിലായിട്ടും ഈ സ്ഥാപനങ്ങളിൽ സംഘടനയുടെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന പരാതി സമസ്തയ്ക്കുണ്ടായിരുന്നു. അതിനുകാരണം ഹക്കീം ഫൈസിയാണെന്ന് ഒരു വിഭാഗം ആരോപിക്കുകയുംചെയ്തു. ഇതിനെത്തുടർന്ന് ഫൈസിയെ സമസ്തയിൽനിന്ന് പുറത്താക്കി. തുടർന്നാണ് സി.ഐ.സി.യിൽനിന്നും രാജിവെപ്പിച്ചത്.
ഇദ്ദേഹത്തിന്റെ രാജിക്കുപിന്നാലെ 118 ഭാരവാഹികൾകൂടി സി.ഐ.സി.യിൽനിന്ന് രാജിവെച്ചു. മാത്രമല്ല, വാഫി വഫിയ കോളേജുകളിലെ വിദ്യാർഥികളിൽനിന്നും രാജിക്കെതിരേ പ്രതിഷേധംവന്നു. ഈ സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കാൻ സമസ്ത സാദിഖലി തങ്ങളെ നിയോഗിച്ചത്.
Content Highlights: cic, hakeem faizy, sadik ali thangal, jiffri thangal


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..