പ്രതീകാത്മക ചിത്രം | Photo: PTI
കൊച്ചി: കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി (സിയാല്‍) വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
സിയാല്‍ പബ്ലിക് അതോറിറ്റിയാണെന്നും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്നുമായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. ബോര്‍ഡ് മീറ്റിങ്ങിന്റെ മിനിറ്റ്സ് നല്‍കണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് സിയാല്‍ നല്കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നത്.
ഇതിനെതിരേ സിയാല്‍ നല്കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. ഈ സ്റ്റേ ഉത്തരവ് നീക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഹര്ജിക്കാരന് ഡിവിഷന് ബെഞ്ചിന് മുന്‍പാകെത്തന്നെ തന്റെ വാദമുന്നയിക്കാന്‍ അവസരമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കമ്പനിയില്‍ സര്‍ക്കാര്‍ ഓഹരി 32.42 ശതമാനമാണെന്നും അതിനാല്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ലെന്നുമുള്ള വാദമാണ് സിയാല്‍ ഉന്നയിക്കുന്നത്. എന്നാല്‍ കമ്പനിയുടെ ചെയര്മാന് മുഖ്യമന്ത്രിയും ഡയറക്ടര്‍ ബോര്‍ഡില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറിയും, മാനേജിങ് ഡയറക്ടര്‍ ഐ.എ.എസ്. ഓഫീസറും ആണെന്നത് കണക്കിലെടുത്താണ് സിയാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചത്.
Content Highlights: cial, supreme court, right to information act
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..