കേരളത്തിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരു പ്രമുഖ നേതാവ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ചാരനായി പ്രവര്‍ത്തിച്ചിരുന്നതായി സിഐഎ റിപ്പോര്‍ട്ട്. 2000-ല്‍ സിഐഎ പുറത്തുവിട്ട രേഖയിലാണ് ഈ അമ്പരപ്പിക്കുന്ന വിവരമുള്ളത്. 1950-ല്‍ ഇടപ്പള്ളി പോലീസ് സ്റ്റേഷന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പങ്കെടുത്തവരെ പോലീസിന് അറസ്റ്റ് ചെയ്യാനായത് ഈ നേതാവ് വിവരം ചോര്‍ത്തിക്കൊടുത്തതുകൊണ്ടാണെന്നാണ് സിഐഎ റിപ്പോര്‍ട്ടില്‍ ഉള്ളത്. സിപിഐ നേതൃത്വത്തിന് ഈ ചാരനെക്കുറിച്ച് അറിയാമായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് അന്ന് കേരളത്തിലെ പാര്‍ട്ടി നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് സന്ദേശം അയച്ചിരുന്നെന്നും സിഐഎ രേഖയിലുണ്ട്.

edapally attack'പൊടുന്നനെ അപ്രത്യക്ഷനായ ഒരു സിപിഐ അംഗത്തേക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരള പ്രൊവിന്‍ഷ്യല്‍ കമ്മിറ്റി എല്ലാ സെല്ലുകള്‍ക്കും ലോക്കല്‍ കമ്മിറ്റികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം കേന്ദ്ര ഇന്റലിജന്‍സ് ഏജന്റാണെന്ന് തെളിഞ്ഞിരിക്കുന്നു. തിരുക്കൊച്ചി സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏറെ അറിയപ്പെട്ടിരുന്ന സിപിഐ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. വിദ്യാര്‍ഥി ഹോസ്റ്റലുകളിലും ചില പ്രശസ്ത ഭക്ഷണശാലകളിലും അദ്ദേഹത്തെ പതിവായി കാണാമായിരുന്നു. പലപ്പോഴും മറ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പം പോലീസ് അറസ്റ്റില്‍ നിന്ന് നാടകീയമായി രക്ഷപ്പെട്ടതിന് സിപിഐ അംഗങ്ങള്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ചിരുന്നു' -രേഖ പറയുന്നു.

അതേസമയം, ഈ നേതാവ് ആരായിരുന്നുവെന്നതിനെക്കുറിച്ച് വിവരമൊന്നുമില്ല. മാതൃഭൂമി ഡോട്ട് കോം സിപിഎമ്മിലെയും സിപിഐയിലെയും ചില നേതാക്കളുമായി ഈ വിഷയത്തില്‍ ബന്ധപ്പെട്ടെങ്കിലും  ആര്‍ക്കും തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ചാരനായി മാറിയ ആ വ്യക്തി ആരാണെന്നതിനെക്കുറിച്ച് ധാരണ ഒന്നും തന്നെയില്ല. 'ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ അറസ്റ്റിലായവര്‍ക്ക് കടുത്ത പോലീസ് പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ഒടുവില്‍ ആലുവ സബ് ജയിലില്‍ നിന്ന് മാറ്റുന്ന ദിവസംവരെ, അതായത്  87 ദിവസം അവരെ പോലീസ്  മര്‍ദിച്ചു. അച്ഛന്‍ ഒരിക്കലും ഈ സംഭവത്തെക്കുറിച്ച് അധികം ചര്‍ച്ചചെയ്തിട്ടില്ല, അതിനാല്‍ സംഭവിച്ചതിനെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമല്ല', ഇടത് രാഷ്ട്രീയ നിരീക്ഷകനും എന്‍.കെ. മാധവന്റെ മകനുമായ എന്‍എം പിയേഴ്സണ്‍ പറഞ്ഞു. 'ഇന്റലിജന്‍സ് ബ്യൂറോയുടെ ചാരനായി പ്രവര്‍ത്തിച്ച നേതാവിനെക്കുറിച്ച് എനിക്കറിയില്ല', പിയേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു. പോലീസ് സ്റ്റേഷനിൽ ലോക്കപ്പിലായിരുന്ന എൻ.കെ.മാധവനെ മോചിപ്പിക്കാനായിരുന്നു ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ചത്.

ഇടപ്പള്ളി കേസിലെ പ്രതികളില്‍ നിലവില്‍ ജീവിച്ചിരിക്കുന്ന  ഒരാളായ എം.എം. ലോറന്‍സിന്റെ മകന്‍ എം.എല്‍. സജീവനും ഇന്റലിജന്‍സ് ബ്യൂറൊ ചാരനായി പ്രവര്‍ത്തിച്ച നേതാവിനെക്കുറിച്ച് അറിയില്ല. ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ ഉള്ളതിനാല്‍ എം.എം. ലോറന്‍സുമായി ഇക്കാര്യം സംസാരിക്കാനായിട്ടില്ല. കൊച്ചി സ്വദേശിയും പ്രമുഖ എഴുത്തുകാരനുമായ എന്‍.എസ്. മാധവനും ഈ വിഷയത്തില്‍ വ്യക്തമായ വിവരമൊന്നുമില്ലെന്ന് പ്രതികരിച്ചു. ഇടപ്പള്ളി പോലിസ് സ്റ്റേഷന്‍ ആക്രമണത്തെക്കുറിച്ച് പലപ്പോഴും പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും സിഐഎ പറയുന്ന ചാരനെക്കുറിച്ച് തനിക്ക് ധാരണയൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാന്‍ 'വിമോചന സമരം' നടത്തിയ വര്‍ഗീയശക്തികള്‍ക്ക് സിഐഎയുടെ സഹായം ലഭിച്ചിരുന്നവെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആരോപിച്ചിരുന്നു. ഇന്ത്യയിലെ  അമേരിക്കന്‍ അംബാസഡറായിരുന്ന ഡാനിയല്‍ പാട്രിക് മൊയ്നിഹാന്‍ 1978 ല്‍ രചിച്ച ' അപകടകരമായ സ്ഥലം ' എന്ന പുസ്തകത്തിലും വിമോചന സമരത്തെക്കുറിച്ചും സിഐഎയുടെ പങ്കിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം

സിപിഐ അതിന്റെ നയങ്ങളില്‍ മാറ്റം വരുത്തി സായുധ വിപ്ലവം എന്ന നിലപാടിലേക്ക് എത്തിയ കാലത്താണ് 1950 ഫെബ്രുവരി 28 -ന് രാത്രിയില്‍ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിക്കപ്പെട്ടത്. 1948 -ല്‍ കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ ജനറല്‍ സെക്രട്ടറി ബി.ടി. രണദിവെയായിരുന്നു ഈ നിലപാടിന്റെ മുഖ്യ പ്രയോക്താവ്. ഇതേത്തുടര്‍ന്ന് തെലങ്കാന, പശ്ചിമ ബംഗാള്‍, കേരളം  എന്നിവിടങ്ങളില്‍ 1948 മുതല്‍ 1950-കളുടെ ആരംഭം വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പാര്‍ട്ടി സായുധ പ്രക്ഷോഭങ്ങള്‍ നടത്തി. ഈ പരിസരത്തില്‍ കമ്മ്യൂണിസ്റ്റ് ചൈനയുടെയും മറ്റ് ബാഹ്യശക്തികളുടെയും ഇടപെടല്‍ ഭയന്ന് നെഹ്രുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കമ്മ്യൂണിസം പ്രസംഗിക്കുന്നവര്‍ക്കോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി എന്തെങ്കിലും ബന്ധമുള്ളവര്‍ക്കോ എതിരെ കര്‍ശന നടപടി സ്വീകരിച്ചു.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെടുകയും  നേതാക്കള്‍ ഒളിവില്‍ പോകുകയും ചെയ്തു. 1949 ആയപ്പോഴേക്കും ഏകദേശം 2500 പാര്‍ട്ടി അംഗങ്ങള്‍ രാജ്യത്തുടനീളം തടവിലായി എന്ന് ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ ഘട്ടത്തിലാണ്  കൊച്ചിയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളായ എന്‍.കെ. മാധവനെയും വരദൂട്ടിയെയും പോലീസ് അറസ്റ്റ് ചെയ്യുകയും ഇടപ്പള്ളി പോലീസ് സ്റ്റേഷനില്‍ തടവിലാക്കുകയും ചെയ്തത്.

edappally police station
ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആയി പ്രവർത്തിച്ചിരുന്ന കെട്ടിടം

എന്‍. കെ. മാധവനെ അറസ്റ്റ് ചെയ്ത വാര്‍ത്ത കേട്ടയുടന്‍ എറണാകുളം പോണേക്കരയില്‍ റെയില്‍വേ ജീവനക്കാരുടെ സമരത്തില്‍ പങ്കെടുക്കുകയായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ണായക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. ലോക്കപ്പില്‍ മാധവനെ ക്രൂരമായി മര്‍ദിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ തൊഴിലാളികള്‍ ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമിച്ചു. കെ.ജെ. മാത്യു, വേലായുധന്‍ എന്നീ രണ്ട് പോലീസുകാര്‍ ആക്രമണത്തെ തുടര്‍ന്ന് മരിച്ചു.

പ്രതികാരമായി, പോലീസ്  സംഭവവുമായി അടുത്തോ നേരിട്ടോ ബന്ധമുള്ള ആളുകളെ അറസ്റ്റ് ചെയ്യാനും പീഡിപ്പിക്കാനും തുടങ്ങി. നിരവധി പാര്‍ട്ടി അംഗങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയും ദിവസങ്ങളോളം ജയിലില്‍ അടയ്ക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് നേതാക്കളായ എം.എം. ലോറന്‍സ്, കെ. സി. മാത്യു, കെ. യു. ദാസ്, വിശ്വനാഥ മേനോന്‍ എന്നിവരെ പോലീസ് കഠിനമായി പീഡിപ്പിച്ചു. പിന്നീട്, കെ.യു.ദാസ് കസ്റ്റഡിയിലുണ്ടായ പരിക്കുകള്‍ക്ക് കീഴടങ്ങി മരണം വരിച്ചു. കോടതി ഇതില്‍ ചിലരെ ശിക്ഷിച്ചെങ്കിലും 1957-ല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ കേസില്‍ പ്രതികളായവരെ വിട്ടയക്കുകയും ചെയ്തു.

Content Highlights: CIA report reveals Kerala CPI leader spied for Nehru Government