കോട്ടയം: സഭാ പ്രശ്‌നം കേന്ദ്ര സര്‍ക്കാര്‍ പരിഹരിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കാമെന്ന മുംബൈ മെത്രാപ്പൊലീത്ത തോമസ് മാര്‍ അലക്‌സാണ്ട്രിയോസിന്റെ പ്രസ്താവന തള്ളി യാക്കോബായ സഭ. ഇത് സഭയുടെ നിലപാടല്ല. ഔദ്യോഗിക സമിതിയുടെ അംഗീകാരം ഇല്ലാതെയാണ് മാതൃഭൂമി ന്യൂസിലൂടെ മെത്രാപ്പോലീത്ത പ്രസ്താവന നടത്തിയതെന്നും യാക്കോബായ സഭ പ്രസ്താവന ഇറക്കി.

യാക്കോബായ സഭ സിനഡ് സെക്രട്ടറി തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയാണ് വാര്‍ത്ത കുറിപ്പിറക്കിയത്.  തോമസ് മാര്‍ അലക്‌സാണ്ട്രിയോസിന്റെ പ്രസ്താവന സഭ അറിഞ്ഞുകൊണ്ടല്ലെന്നാണ് ഇതിലൂടെ പറയുന്നത്. സഭാ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു യാക്കോബയ സഭ സമര സമിതി കണ്‍വീനര്‍ കൂടിയായ അലക്‌സാണ്ട്രിയോസ് മെത്രാപ്പോലീത്തയുടെ പ്രസ്താവന വന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നുവെന്നും സഭാ തര്‍ക്കം കേന്ദ്രം പരിഹരിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നുമായിരുന്നു അദ്ദേഹം മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ ഈ പ്രസ്താവനകള്‍ ചര്‍ച്ചകളില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണിപ്പോള്‍ യാക്കോബായ സഭ. ഇതിന്റെ അടിസ്ഥാനത്തിലാണ് അലക്‌സാണ്ട്രോയോസ് മെത്രാപ്പോലീത്തയുടെ പ്രസ്താവന തങ്ങളുടെ നിലപാടല്ലെന്ന് സഭ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

Content Highlights: church dispute-bjp-jacobite Official comment