കോഴിക്കോട്: കോവിഡ് പരത്തിയ ആശങ്കകള്‍ക്ക് മീതേ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പൊന്‍കിരണങ്ങളുമായി ഇന്ന് ക്രിസ്മസ്. ലോകത്തിന് പ്രകാശം പകര്‍ന്ന് മിശിഹാ പിറന്നതിന്റെ ഓര്‍മ പുതുക്കി ദേവാലയങ്ങളില്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. പുരോഹിതര്‍ വിശ്വാസികള്‍ക്ക് ക്രിസ്മസ് സന്ദേശം നല്‍കി. കോവിഡ് നിയന്ത്രണങ്ങളോടെയാണ് പാതിരാ കുര്‍ബാനയും ആരാധനകളും നടന്നത്.

തിരുവനന്തപുരത്തെ പട്ടം സെന്റ്‌മേരീസ് കത്തീഡ്രലില്‍ മലങ്കര കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. പാളയം കത്തീഡ്രലില്‍ ഡോ.എം. സൂസപാക്യം നേതൃത്വം നല്‍കി. 

ദൈവം മനുഷ്യനാകുന്ന ക്രിസ്മസ് വേളയില്‍ ആഘോഷങ്ങള്‍ വീട്ടിലൊതുക്കുകയാണ് മിക്കവരും. കോവിഡ് അത്രമേല്‍ ക്രിസ്മസ് ആഘോഷങ്ങളെയും ബാധിച്ചത് നാട്ടിലെങ്ങും ദൃശ്യമാണ്. സഭകള്‍ ഓണ്‍ലൈനിലൂടെയാണ് മിക്കയിടത്തും ക്രിസ്മസ് ആരാധന നടത്തുന്നത്. മാര്‍ത്തോമ്മാ സഭയുടെ ആരാധന വെള്ളിയാഴ്ച രാവിലെ 7.30-ന് തുടങ്ങും. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കാര്‍മികത്വം വഹിക്കും.

മലങ്കര കത്തോലിക്കാ പള്ളികളില്‍ വ്യാഴാഴ്ച രാത്രി ആരാധന നടത്തി. ഇടവകകളിലും കൂട്ടംചേരലില്ല. പരമാവധി 30 പേരെ പങ്കെടുപ്പിച്ചുള്ള കുര്‍ബാനകള്‍ക്കാണ് വികാരിമാര്‍ ക്രമീകരണം ചെയ്തിരിക്കുന്നത്. കലാപരിപാടികളും ക്രിസ്മസ് സന്ധ്യപോലുള്ള ആഘോഷങ്ങളും എവിടെയുമില്ല. ക്രിസ്മസ് വിപണിയിലും ഉണര്‍വുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 70 ശതമാനംവരെ വില്‍പ്പന കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു.

Content Highlights: Christmas celebration amid Covid 19