നിയമസഭ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയത്തിന്റെ മധുരത്തിനൊപ്പം ചിറ്റയം ഗോപകുമാറിനെ തേടി ഡെപ്യൂട്ടി സ്പീക്കർ പദവിയും. ചൊവ്വാഴ്ചയാണ് സിപിഐ സംസ്ഥാന നേതൃത്വം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടർച്ചയായ മൂന്നാംതവണയാണ് ചിറ്റയം ഗോപകുമാർ അടൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്നത്.

ടി. ഗോപാലകൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മെയ് 31-ന് ചിറ്റയത്ത് ജനിച്ച കെ.ജി ഗോപകുമാർ എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം, എ.ഐ.ടി.യു.സി. കൊല്ലം ജില്ലാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.1995-ൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ചിറ്റയം, ആദ്യ അവസരത്തിൽ തന്നെ കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റായി.

സംവരണമണ്ഡലമായ അടൂരിൽ 2011-ലാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ചത്. പന്തളം സുധാകരനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തു. പിന്നീട് 2016-ലും വിജയം ആവർത്തിച്ചു. ഇത്തവണ വാശിയേറിയ മത്സരത്തിനൊടുവിൽ 2819 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.

കേരള ഹൈക്കോടതി കോർട്ട് ഓഫീസറായി വിരമിച്ച സി. ഷേർലി ഭായിയാണ് ഭാര്യ. മക്കൾ: അമൃത(അധ്യാപിക, സെന്റ് സിറിൾസ് കോളേജ്, അടൂർ) അനുജ(നിയമ വിദ്യാർത്ഥിനി, തിരുവനന്തപുരം ഗവ. ലോ കോളേജ്)