കൊല്ലം: ചിതറ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ബഷീറും പ്രതി ഷാജഹാനും തമ്മില്‍ മുന്നുകേസുകള്‍ നിലവിലുണ്ടായിരുന്നുവെന്നും രാഷ്ട്രീയ തര്‍ക്കം സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇരുവരും തമ്മില്‍ നേരത്തേതന്നെ തര്‍ക്കമുണ്ടായിരുന്നു. മരച്ചീനി വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകം വരെയെത്തിയത്. ഈ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് മുന്നുകേസുകള്‍ നിലവിലുണ്ട്. നേരത്തെയുണ്ടായ അടിപിടിയില്‍ ഷാജഹാന് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ വൈരാഗ്യം മൂലം കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതൊരു രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആരോപിച്ചിരുന്നത്. സിപിഎം പ്രവര്‍ത്തകനെ കോണ്‍ഗ്രസ് ബോധപൂര്‍വം കൊലപ്പെടുത്തിയതാണെന്നാണ് സിപിഎം ആരോപിച്ചിരുന്നത്. എന്നാല്‍ രാഷ്ട്രീയ കൊലപാതകമെന്ന പരാമര്‍ശം റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ല. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന് പ്രതി ഷാജഹാന്‍ പറഞ്ഞു എന്നൊരു പരാമര്‍ശം റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല രാഷ്ട്രീയമായ തര്‍ക്കം കൊലയ്ക്ക് പിന്നിലുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് കൊല്ലം റൂറല്‍ എസ്പി പറയുന്നത്.

Content Highlights:Chithara Murder Police remand Report