കൊല്ലം: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ചിതറ വളവുപച്ചയില്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാജഹാന്‍ സിപിഎമ്മുകാരനാണെന്ന് സഹോദരന്‍ സുലൈമാന്റെ വെളിപ്പെടുത്തല്‍. കൊലപാതകത്തില്‍ രാഷ്ട്രീയമില്ല, വ്യക്തിവൈരാഗ്യമാണ്‌. ഷാജഹാനും താനുമടക്കം കുടുംബം പൂര്‍ണമായും സിപിഎം അനുഭാവികളാണ്. പരസ്യമായി ഇതുവരെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഷാജഹാനെ കോണ്‍ഗ്രസുകാരനാക്കുന്നതെന്നും സുലൈമാന്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.

ഇതിനിടെ താന്‍ ബഷീറിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം മൂലമാണെന്ന് പ്രതി ഷാജഹാന്‍ തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കളിയാക്കിയതിനാണ് കൊലയെന്നും ഷാജഹാന്‍ പരസ്യമായി പറഞ്ഞു. രാഷ്ട്രീയ വിരോധമല്ല വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം ബഷീറിന്റെ ബന്ധുക്കളും വെളിപ്പെടുത്തിയിരുന്നു.

ചിതറ കൊലപാതകം രാഷ്ട്രീയകൊലപാതകമാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പെരിയ കൊലപാതകങ്ങള്‍ക്ക് പ്രതികാരമാണ് ചിറയിലെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് കൊല്ലപ്പെട്ട ബഷീറിന്റെയും പ്രതി ഷാജഹാന്റെയും ബന്ധുക്കളുടെ വെളിപ്പെടുത്തലുകള്‍.

അതേ സമയം പോലീസിന്റെ എഫ്‌ഐആറില്‍ കൊലപാതകത്തിന് കാരണം രാഷ്ട്രീയവും വ്യക്തിപരവുമായ കാരണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബഷീറിന്റെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. എന്നാല്‍ കൊലപാതകത്തിന് കാരണമായ രാഷ്ട്രീയം എന്താണെന്ന് എഫ്.ഐ.ആറില്‍ ഉണ്ടായിരുന്നില്ല.

Content Highlights: chithara murder-kollam muder-cpim-congress