മുൻകാല പ്രാബല്യത്തോടെ ശമ്പളം ആവശ്യപ്പെട്ടുള്ള കത്ത്, ചിന്താ ജെറോം
തിരുവനന്തപുരം: കൂട്ടിയ ശമ്പളത്തിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോം അയച്ച കത്ത് പുറത്ത്. യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. കത്ത് നല്‍കിയിട്ടില്ലെന്നായിരുന്നു ചിന്ത ഇതുവരെ പറഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം ചിന്താ ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ശമ്പള ഇനത്തില്‍ എട്ടര ലക്ഷം രൂപ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ചിന്ത തന്നെ ആവശ്യപ്പെട്ടതുപ്രകാരമായിരുന്നു ഇതെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതിനെ സാധൂകരിക്കുന്നതാണ് പുറത്തുവന്ന കത്ത്.
.jpg?$p=a80322e&&q=0.8)
ചിന്താ ജെറോമിന്റെ തന്നെ ലെറ്റര്‍ ഹെഡില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്താണ് പുറത്തുവന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ചിന്താ ജെറോമിന് വര്‍ധിപ്പിച്ച ശമ്പളം മുന്‍കാല പ്രാബല്യത്തോടെ കുടിശ്ശിക അുവദിക്കാന്‍ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായപ്പോള്‍ താന്‍ സര്‍ക്കാരിനോട് കുടിശ്ശിക വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അങ്ങനെയൊരു കത്തുണ്ടെങ്കില്‍ പുറത്തുവിടാനും ചിന്ത വെല്ലുവിളിച്ചിരുന്നു.
.jpg?$p=430c1f1&&q=0.8)
സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാല്‍ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ചിന്ത നല്കിയ കത്ത് ധനവകുപ്പ് രണ്ട് പ്രാവശ്യം തള്ളി കളഞ്ഞിരുന്നു. മുന്‍കാല പ്രാബല്യത്തോടെ ഒരുലക്ഷം രൂപ പ്രതിമാസം ശമ്പളം നല്‍കാനാവില്ല എന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. അതിന്റെ അടിസ്ഥാനത്തില്‍ 2022 സെപ്റ്റംബര്‍ 26 ന് 4.10.16 മുതല്‍ 25.5.18 വരെയുള്ള കാലയളവിലെ ശമ്പളം, അഡ്വാന്‍സ് ആയി നല്കിയ തുകയായ 50,000 രൂപയായി നിജപ്പെടുത്തി ക്രമികരിച്ചുകൊണ്ട് കായിക യുവജന കാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സമര്‍ദ്ദത്തെ തുടര്‍ന്ന് ധനമന്ത്രി ബാലഗോപാല്‍ മുന്‍കാല പ്രാബല്യത്തോടെ ഒരുലക്ഷം രൂപ ശമ്പളം നല്കാന് തീരുമാനിച്ചു.
26.5.18 ലാണ് യുവജനകമ്മീഷന് സ്പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നത്. അന്ന് മുതലാണ് ശമ്പളം ഒരുലക്ഷമായി തീരുമാനിച്ചത്. ഇന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ 26.9.22 ലെ ഉത്തരവും റദ്ദ് ചെയ്തിട്ടുണ്ട്. സ്പെഷ്യല്‍ റൂള്‍ നിലവില്‍ വരുന്നതിന് മുന്‍പുള്ള കാലയളവിലെ ശമ്പളം ഒരുലക്ഷമായി മുന്‍കാല പ്രാബല്യത്തോടെ അനുവദിച്ചത് നിലവിലെ സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. പല സ്ഥാപനങ്ങളിലേയും തലപ്പത്തുള്ളവര്‍ തങ്ങള്‍ക്കും മുന്‍കാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും.
Content Highlights: chintha jerome salary issue, letter out
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..