യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം | Photo: Facebook
തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിന്റെ പേരില്‍ വിവാദത്തിലായ യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെ കാത്തിരിക്കുന്നത് ഡോക്ടറേറ്റ് റദ്ദാക്കലുള്‍പ്പെടെയുള്ള നടപടികള്‍. വാഴക്കുല എന്ന കവിതയുടെ രചയിതാവിന്‍റെ പേര് തെറ്റിച്ചെഴുതി ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും അപമാനിച്ചെന്ന ആക്ഷേപം നേരിടുന്ന ചിന്താ ജൈറോമിന്റെ ഗവേഷണ പ്രബന്ധം സംബന്ധിച്ച് കോപ്പിയടി ആരോപണവും പുറത്തുവന്നതോടെ വിഷയത്തില്‍ കൂടുതല്‍ ഗൗരവമായ അന്വേഷണം വേണമെന്നാണ് ആവശ്യമുയരുന്നത്.
ബോധി കോമണ്‍സ് എന്ന വെബ്‌സൈറ്റില്‍ 2010-ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആശയവും ആ ലേഖനത്തില്‍ വാഴക്കുലയുടെ രചയിതാവിനെ തെറ്റായി രേഖപ്പെടുത്തിയതും അതേപടി ചിന്ത തീസിസില്‍ പകര്‍ത്തിയെന്നാണ് ആക്ഷേപം. ഇതിന്റെ പേരില്‍ ചിന്തയുടെ ഗൈഡിനെതിരെവരെ നടപടിയെടുക്കാനുള്ള വകുപ്പുകള്‍ യൂണിവേഴ്‌സിറ്റിയുടെ നിയമാവലിയിലുണ്ട്. കേരള സര്‍വകലാശാല പി.വി.സി.യായിരുന്നു ചിന്തയുടെ ഗൈഡ്.
'നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്ന ഗവേഷണ വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനംചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്ന് പറയുന്ന ഭാഗത്താണ് 'വാഴക്കുല ബൈ വൈലോപ്പിള്ളി' എന്ന് ചിന്ത എഴുതിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെടാതെ പോയതെങ്ങനെയെന്നത് ചര്‍ച്ചയായ സമയത്താണ് ഗവേഷണ പ്രബന്ധത്തിലെ കോപ്പിയടി വിവാദവും പൊങ്ങിവന്നത്.
തെറ്റ് കണ്ടെത്താന്‍ ഗൈഡായിരുന്ന മുന്‍ പി.വി.സി. പി.പി. അജയകുമാറിനും മൂല്യനിര്‍ണയം നടത്തിയവര്‍ക്കും കഴിയാത്തതിനെതിരെയും പരാതികളുണ്ട്. ഓപ്പണ്‍ ഡിഫന്‍സില്‍ പോലും ഒരു ചര്‍ച്ചയും വിലയിരുത്തലും നടത്താതെയാണോ ഡോക്ടറേറ്റ് നല്‍കുന്നതെന്ന ചോദ്യമാണ് കേരള സര്‍വകലാശാല നേരിടുന്നത്. സര്‍വകലാശാല മൂല്യനിര്‍ണയരീതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. വിഷയത്തില്‍ ഗവർണർക്കും കേരള സർവകലാശാല വൈസ് ചാന്‍സലര്‍ക്കും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്.
ഗവേഷണ പ്രബന്ധം സംബന്ധിച്ച് വിവാദമുണ്ടായാല്‍ ഡോക്ടറേറ്റ് റദ്ദാക്കുക എന്നത് സാധാരണമായി ചെയ്യാറില്ല. കെ.ടി. ജലീലുമായി ബന്ധപ്പെട്ട ഡോക്ടറേറ്റ് വിവാദം ഇതിന് ഉദാഹരണമാണ്. മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും അലി മുസലിയാരുടേയും പങ്കിനെ കുറിച്ചായിരുന്നു ജലീലിന്‍റെ പ്രബന്ധം. നൂറുകണക്കിന് ഉദ്ധരണികള്‍ അക്ഷര തെറ്റുകളോടെ പകര്‍ത്തിയെഴുതിയെന്നും വ്യാകരണ പിശകുകളുണ്ടെന്നുമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജലീലിനെതിരെ പരാതി ഉയര്‍ന്നത്.
2006-ലാണ് ജലീലിന് ഡോക്ടറേറ്റ് നല്‍കിയത്. ഇതില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി ലഭിക്കുകയും പ്രബന്ധം പരിശോധിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ചട്ടപ്രകാരമാണ് ഡോക്ടറേറ്റ് നല്‍കിയതെന്ന് വ്യക്തമാക്കി സര്‍വകലാശാല ആ വിവാദം മുക്കി. ഇതേപോലെ ചിന്തയുടെ പേരിലുയര്‍ന്ന വിവാദവും മുങ്ങിപ്പോകാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം വിഷയം കൂടുതല്‍ ചര്‍ച്ചയാകുകയും നടപടിയെടുക്കാന്‍ സര്‍വകലാശാല നിര്‍ബന്ധിതമാവുകയും ചെയ്താല്‍ ചിന്തയുടെ ഡോക്ടറേറ്റ് റദ്ദാക്കാനും സാധ്യതയുണ്ട്. വിഷയത്തിന്റെ ഗൗരവം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് വിദഗ്ധ സമിതിയെ അന്വേഷണത്തിന് നിയോഗിക്കണം. ഇവര്‍ ചിന്തയുടെ പ്രബന്ധം പരിശോധിക്കുകയും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നടപടിയെടുക്കുകയും വേണം. പ്രബന്ധത്തിലെ തെറ്റുകളും കോപ്പിയടിയും റിപ്പോര്‍ട്ടില്‍ ശരിവെച്ചാല്‍ ചിന്ത ജെറോമിന് നല്‍കിയ ഡോക്ടറേറ്റ് റദ്ദാക്കി പ്രബന്ധം വീണ്ടും സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കേണ്ടി വരും. ഇതിനൊപ്പം ഫെലോഷിപ്പ് തിരികെ പിടിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമെടുക്കാം.
കെ.ടി. ജലീലിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ ഇക്കാര്യത്തിലും വലിയ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷയില്ല. എങ്കിലും ഇതിലെ വിവരങ്ങള്‍ പൊതുവിടത്തില്‍ ചര്‍ച്ചയാക്കാന്‍ വിവാദങ്ങള്‍ ഉപകരിച്ചെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി പറയുന്നു.
നന്ദി പിണറായിക്ക്, എം.എ. ബേബി ചിന്തയുടെ മെന്റര്‍
ഗവേഷണ പ്രപബന്ധം തയ്യാറാക്കാന്‍ സഹായിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നന്ദി പറയേണ്ട സ്ഥലത്ത് ചിന്ത നന്ദി അറിയിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. നേതാക്കള്‍ക്കുമാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മുതിര്‍ന്ന സി.പി.എം. നേതാവ് എം.എ. ബേബിയെ 'മെന്റര്‍' എന്നാണ് പ്രബന്ധത്തില്‍ വിശേഷിപ്പിക്കുന്നത്.
പ്രബന്ധത്തിലെ കോപ്പിയടിയും മൗലികമായ പിഴവും ചര്‍ച്ചയാകുന്ന സമയത്താണ് ഇതും വാര്‍ത്തയിലിടം പിടിക്കുന്നത്. തന്നിലുള്ള വിശ്വാസത്തിനും പിന്തുണയ്ക്കുമാണ് മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞിരിക്കുന്നത്. എം.വി. ഗോവിന്ദന്‍, കെ.എന്‍. ബാലഗോപാല്‍, എ.എന്‍. ഷംസീര്‍, ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, എം. സ്വരാജ് എന്നീ സി.പി.എം. നേതാക്കള്‍ക്കും പ്രബന്ധത്തില്‍ നന്ദിപറഞ്ഞിട്ടുണ്ട്.
Content Highlights: chintha jerome phd controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..