1. പ്രതീകാത്മകചിത്രം 2. ചിന്ത ജെറോം | File Photo - Mathrubhumi archives
കൊല്ലം: മുന്‍കാലപ്രാബല്യത്തോടെയുള്ള ഉയര്‍ന്ന ശമ്പളം, പിഎച്ച്.ഡി. പ്രബന്ധത്തിലെ പിശക്, റിസോര്‍ട്ടിലെ താമസം... യുവജന കമ്മിഷന്‍ അധ്യക്ഷയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ ചിന്താ ജെറോമിനെ വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പുകയുകയാണ്. 'തത്കാലം പാര്‍ട്ടി മിണ്ടേണ്ട, വിവാദങ്ങള്‍ക്ക് ചിന്തതന്നെ മറുപടി പറയട്ടെ' എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. പിഎച്ച്.ഡി. വിവാദത്തിലേതുപോലെ മുതിര്‍ന്നനേതാക്കളാരും ചിന്തയെ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഒന്നരക്കൊല്ലത്തിലേറെയായി തങ്കശ്ശേരിയിലെ റിസോര്‍ട്ടിലാണ് ചിന്ത താമസിക്കുന്നതെന്ന ആരോപണം മുതിര്‍ന്ന ചില നേതാക്കള്‍ക്കുനേരെയും വിരല്‍ചൂണ്ടുന്നുണ്ട്. വിവരമറിഞ്ഞിട്ടും തിരുത്തിയില്ലെന്ന വിമര്‍ശനമാണ് ഈ വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഉയരുന്നത്.
വ്യാഴാഴ്ച തുടങ്ങുന്ന സംസ്ഥാനകമ്മിറ്റിയില്‍ വിഷയം ഉയര്‍ന്നുവരും. വിവാദങ്ങള്‍ പാര്‍ട്ടിക്ക് ദോഷംചെയ്തുവെന്ന നിലപാടിലാണ് മുതിര്‍ന്ന ജില്ലാനേതാക്കളില്‍ ഭൂരിപക്ഷവും. തങ്ങളുടെ തലയ്ക്കുമുകളിലൂടെ സംസ്ഥാനകമ്മിറ്റിയിലേക്ക് 'ഡബിള്‍ പ്രമോഷന്‍' നേടിയതിലുള്ള നീരസം ഈ നേതാക്കള്‍ക്കുണ്ട്. കഴിഞ്ഞ സമ്മേളനകാലത്ത് ജില്ലാ കമ്മിറ്റിയിലെത്തിയ ചിന്താ ജെറോം മൂന്നുമാസങ്ങള്‍ക്കകം സംസ്ഥാനകമ്മിറ്റിയംഗമായി. ജില്ലാഘടകത്തെ അവഗണിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയും കൊല്ലത്തെ നേതാക്കള്‍ക്കുണ്ട്. മുതിര്‍ന്ന കേന്ദ്ര-സംസ്ഥാന നേതാക്കളുമായി ചിന്തയ്ക്കുള്ള ബന്ധമാണ് ഈ പെരുമാറ്റത്തിന് കാരണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം. അതിനിടെ കൊല്ലം ലോക്സഭാസീറ്റില്‍ ചിന്താ ജെറോം സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം പാര്‍ട്ടിവൃത്തങ്ങള്‍ക്കിടയില്‍ ശക്തമായിരുന്നു.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ കൊല്ലത്ത് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന ദിവസമാണ് റിസോര്‍ട്ട് വിവാദം പുറത്തുവന്നത്. പാര്‍ട്ടിയിലെ പ്രബലവിഭാഗം ഈ വിഷയം എം.വി. ഗോവിന്ദന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ശമ്പളവിവാദം വിശദീകരിച്ചപ്പോള്‍ താന്‍ കത്തുനല്‍കിയില്ലെന്ന പരാമര്‍ശം പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കിയെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാകമ്മിറ്റിയിലും ചിന്തയ്ക്കു രൂക്ഷവിമര്‍ശനമായിരുന്നു.
Content Highlights: Chintha Jerome controversies CPM
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..