ചിന്ത ജെറോം
തിരുവനന്തപുരം: സ്വകാര്യ റിസോര്‍ട്ടില്‍ താമസിക്കേണ്ടി വന്നത് അമ്മയുടെ ചികിത്സാര്‍ത്ഥമാണെന്ന് യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. പുറത്ത് പറയുന്ന തരത്തിലുള്ള വാടകയൊന്നും താന്‍ നല്‍കിയിട്ടില്ലെന്നും മാസം 20000 രൂപ മാത്രമാണ് വാടകയായി നല്‍കിയതെന്നും ചിന്ത വിശദീകരിച്ചു.
ദിവസവാടക 8490 രൂപ വരുന്ന റിസോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റിലാണ് താന്‍ ഒന്നര വര്‍ഷം താമസിച്ചതെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പ്രതികരണം നടത്തുകയായിരുന്നു ചിന്ത.
'ഞാനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. കോവിഡിന്റെ സമയത്ത് അമ്മയ്ക്ക് ചില അസുഖങ്ങളുണ്ടായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു ആദ്യം ചികിത്സ. അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യങ്ങളൊക്കെ ആവശ്യമുണ്ടായ സാഹചര്യത്തില്‍ വീട് പുതുക്കി പണിയാന്‍ തീരുമാനിച്ചു. അമ്മയ്ക്ക് ആയുര്‍വേദ ചികിത്സ നടത്താനും തീരുമാനിച്ചു. യാത്രകളില്‍ അമ്മയെ കൂടെ കൂട്ടാറാണ് പതിവ്. ഇതിനിടെ ഞാന്‍ വിദേശത്ത് പോയപ്പോഴൊക്കെ അമ്മ താമസിച്ചിരുന്നത് കൃഷ്ണപുരം ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറായ ഗീതാ ഡാര്‍വിന്റെ വീട്ടിലാണ്. വ്യക്തിപരമായി അവരുമായി അടുപ്പമുണ്ട്. ഇതിനിടെ അവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ താഴെ നിലയില്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് അങ്ങോട്ടേക്ക് മാറി. കോവിഡ് സാഹചര്യംകൊണ്ട് വീടുപണിയും നീണ്ടിരുന്നു. 20000 രൂപയാണ് ആ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാന്‍ വാടകയായി അവര്‍ പറഞ്ഞിരുന്നത്. ഡോ.ഗീതയുടെ പരിചരണം ലഭിക്കുമെന്നതായിരുന്നു പ്രധാനം. ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയാണ് ഈ വാടക നല്‍കിയിരുന്നത്. അമ്മയും ഞാനും മാറി മാറിയാണ് ഇത് നല്‍കിയിരുന്നത്. സഹായത്തിനായി ആദ്യം രണ്ട് പേരുണ്ടായിരുന്നു. ഞങ്ങളുടെ സ്വകാര്യ കാര്യങ്ങളൊക്കെ ഇങ്ങനെ പരസ്യമാക്കുന്നതില്‍ പ്രയാസമുണ്ട്.
വെള്ളവും കറന്റ് ചാര്‍ജും അടക്കമാണ് അവര്‍ 20000 രൂപ വാടക പറഞ്ഞത്. അത് കൃത്യമായി തന്നെ നല്‍കിയിട്ടുണ്ട്' ചിന്ത പറഞ്ഞു.
ദിവസവും എനിക്കുനേരെ ഇത്തരത്തില്‍ ആരോപണങ്ങളുമായി വന്നുകൊണ്ടിരിക്കുകയാണ്. പിഎച്ച്ഡിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വസ്തുതാപരമായ പിശക് വന്നിട്ടുണ്ടെന്ന് ഞാന്‍ സമ്മതിച്ചതാണ്. നിങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോഴാണ് അത് അറിയുന്നതും. മറ്റുള്ളതെല്ലാം ഊഹാപോഹങ്ങളാണെന്നും ചിന്ത വ്യക്തമാക്കി. താമസിച്ചിരുന്ന കൊല്ലത്തെ റിസോര്‍ട്ടിന് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നങ്ങളുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: chintha jerome about controversy stay-in-ayurvedic-resort
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..