രാഹുൽ ഗാന്ധി, സോണിയ,രമേശ് ചെന്നിത്തല |ഫോട്ടോ:PTI, മാതൃഭൂമി
തിരുവനന്തപുരം: കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ നിര്‍ദേശങ്ങള്‍ കേരളത്തില്‍ നടപ്പാകുക സംഘടനാ തിരഞ്ഞെടുപ്പോടുകൂടിയാകും. പാര്‍ട്ടിഘടനയില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരാനുള്ള ഈ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് പൂര്ത്തിയാക്കുകയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് വ്യക്തമാക്കി. സംസ്ഥാനത്ത് സമവായ അടിസ്ഥാനത്തിലാകും സംഘടനാ തിരഞ്ഞെടുപ്പ്.
ശിബിര നിര്‍ദേശങ്ങള്‍ പ്രായോഗികമായി നടപ്പാക്കുന്നത് ചിട്ടപ്പെടുത്താന്‍ ദേശീയതലത്തില്‍ ചെറുസമിതി നിലവില്‍ വരും. പി.സി.സി.കള്‍ക്ക് അവരുെട നിര്‍ദേശം ലഭിക്കാന്‍ ഒരു മാസത്തിലേറെയെടുക്കാം.
സംസ്ഥാനത്ത് ജൂണ്‍ മുതല്‍ സംഘടനാ തിരഞ്ഞെടുപ്പിന്റെ അടുത്തഘട്ടത്തിലേക്ക് നീങ്ങും. അംഗത്വവിതരണം പൂര്‍ത്തിയായി. ബൂത്ത് മുതലുള്ള അടുത്തഘട്ട സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ പുതിയ മാറ്റങ്ങള്‍കൂടി ഉള്‍ക്കൊള്ളിക്കണമെന്ന നിലപാടിലാണ് കെ.പി.സി.സി. നേതൃത്വം.
കേരളത്തിന്റെ നിര്‍ദേശങ്ങള്‍ ഏറെയും ഉള്‍ക്കൊണ്ടു
കോണ്‍ഗ്രസിനെ ശാക്തീകരിക്കാന്‍ ദേശീയതലത്തില്‍ കൈക്കൊള്ളുന്ന നിര്‍ദേശങ്ങളില്‍ കേരളത്തില്നിന്നുള്ളവയ്ക്ക് മുന്‍തൂക്കം. സംഘടനാ കാര്യങ്ങള്‍ സംബന്ധിച്ച സമിതിയില്‍ അംഗമായിരുന്ന രമേശ് ചെന്നിത്തലയാണ് കേരളത്തിലെ മാതൃകകള്‍ മുന്നോട്ടുവെച്ചത്.
- ബ്ലോക്ക് കമ്മിറ്റികള്‍ക്ക് പുറമേ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ കമ്മിറ്റി.
- വര്‍ക്കിങ് കമ്മിറ്റിയുടെ ചെറുരൂപമായി രാഷ്ട്രീയകാര്യസമിതി രൂപവത്കരിക്കാനുള്ള തീരുമാനം.
- നെയ്യാറിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ദേശീയതലത്തിലുള്ള പരിശീലന കേന്ദ്രമാക്കല്‍.
- രാഹുല്‍ ഗാന്ധിയുടെ ഭാരതയാത്ര.
70 വയസ്സ് കഴിഞ്ഞവരെ ഘട്ടംഘട്ടമായി സംഘടനാ ചുമതലയിലേക്ക് മാറ്റുന്നതും ഭാരവാഹികളില്‍ പകുതി പേര് 50 വയസ്സില്‍ താഴെയുള്ളവരായിരിക്കണമെന്നതുമാണ് സംഘടനാ തലത്തിലെ പ്രധാന മാറ്റങ്ങള്‍.
35 വയസ്സുവരെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാകാം. ഭാരവാഹിയായാല്‍ മൂന്ന്-നാല് വര്‍ഷം അതേ സ്ഥാനത്ത് തുടരാം. ഉയര്‍ന്ന പ്രായപരിധിയിലുള്ളവരെ ഉപദേശക റോളിലാക്കുമെന്ന് പറയുമ്പോഴും വയസ്സിന്റെ കാര്യത്തില്‍ കൃത്യത വന്നിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..