മറയൂര്‍: അത്യപൂര്‍വ്വ ജൈവവര്‍ഗങ്ങളാല്‍ സമ്പുഷ്ടമായ ചിന്നാര്‍ മേഖലയില്‍ ടാക്‌സി/ടിപ്പര്‍ ജീവനക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍സംഘര്‍ഷം പതിവാകുന്നു. മറയൂര്‍-ചിന്നാര്‍ സംസ്ഥാനപാതയില്‍ സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ബ്രേക്കറുകളെ ചൊല്ലിയാണ് സംഘര്‍ഷങ്ങള്‍.  കരിമുട്ടി മുതല്‍ ചിന്നാര്‍ വരെയുള്ള 15 കിലോമീറ്റര്‍ ദേശീയപാത ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെയാണ് കടന്നുപോകുന്നത്.

വനമേഖലയിലൂടെയുള്ള കണ്ണില്ലാത്ത വാഹന ഗതാഗതം  മൂലം നിരവധി വന്യജീവിതങ്ങളാണ് പൊലിഞ്ഞുപോയത്. കുട്ടിത്തേവാങ്ങ്, കുരങ്ങുകള്‍, അത്യപൂര്‍വ്വ ഇനത്തില്‍പ്പെട്ട പാമ്പുകള്‍ തുടങ്ങി അനേകം പക്ഷിമൃഗാദികള്‍ ഇങ്ങനെ മറയൂര്‍-ചിന്നാര്‍ സംസ്ഥാനപാതയില്‍ വാഹനങ്ങളുടെ ചക്രങ്ങള്‍ കയറി ഇറങ്ങി മരണത്തിന് വിധേയരായി.

marayoor
മറയൂര്‍-ചിന്നാര്‍ സംസ്ഥാനപാതയില്‍ ഏറ്റവു കൂടുതല്‍
വന്യമൃഗങ്ങള്‍ വാഹനാപകടത്തില്‍ പെട്ട മേഖലകള്‍

അപകടങ്ങളില്‍ വന്യജീവികള്‍ കൊല്ലപ്പെടുന്നത് പതിവായതോടെ വന്യജീവി സങ്കേതത്തിലൂടെയുള്ള വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 30 കിലോമീറ്ററായി നിജപ്പെടുത്തി 2011-ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മറ്റ് നിയമങ്ങള്‍ പെലെ ഇതും ലംഘിക്കപ്പെടാന്‍ വേണ്ടിയുള്ളതായി മാറി. മറയൂര്‍-ചിന്നാര്‍ സംസ്ഥാന പാതയിലൂടെയുള്ള വാഹനങ്ങളുടെ മരണപ്പാച്ചിലില്‍ ആറു മാസംകൊണ്ട് പൊലിഞ്ഞത് 85 വന്യജീവികള്‍. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(കെ.എഫ്.ആര്‍.ഐ.) ആണ് 'റോഡ് കില്‍' പഠനം നടത്തിയത്. ഇതേതുടര്‍ന്ന് മേഖലയില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി 14 സ്പീഡ് ബ്രേക്കറുകള്‍ വനം വകുപ്പിന്റെ ആവശ്യപ്രകാരം മേഖലയില്‍ സ്ഥാപിച്ചു.

01

എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്താണെന്നാല്‍ സ്പീഡ് ബ്രേക്കറുകള്‍ പൊളിച്ച് കളയണമെന്നാവശ്യപ്പെട്ട്  ടിപ്പര്‍/ടാക്‌സി ജീവനക്കാരുടെ പ്രതിഷേധം വനം വകുപ്പ് ജീവനക്കാരെ കൈയ്യേറ്റം ചെയ്യുന്ന അവസ്ഥയിലെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. വന്യജീവി സങ്കേതത്തില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച  ഉടന്‍ പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി മറയൂര്‍ കേന്ദ്രീകരിച്ചുള്ള ടിപ്പര്‍/ടാക്‌സി ജീവനക്കാര്‍ സംഘടിച്ചെത്തുകയും ഒരു സ്പീഡ് ബ്രേക്കര്‍ പൊളിച്ചു മാറ്റുകയും ചെയ്തു.  മറയൂര്‍ പോലീസ് എസ്.ഐ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അവര്‍ നിഷ്‌ക്രിയരായി മൗനം പാലിക്കുകയായിരുന്നു. തുടര്‍ന്ന് അടുത്ത ദിവസത്തിനുള്ളില്‍ അനുകൂലമായ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ എല്ലാ സ്പീഡ് ബ്രേക്കറുകളും സംഘം പൊളിച്ചു മാറ്റും എന്ന് വെല്ലുവിളിച്ചു കൊണ്ടാണ് സംഘം പിരിഞ്ഞു പോയത്.

02

ഇതോടെ വനം വകുപ്പ് ജീവനക്കാര്‍ കടുത്ത അരക്ഷിതാവസ്ഥയിലായി. ചില നിക്ഷിപ്തതാല്‍പരരായ ടിപ്പര്‍/ടാക്‌സി ജീവനക്കാരാണ് ഇത്തരത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് അവരുടെ അമിത വേഗതയ്ക്ക് ആക്കം കൂട്ടുന്നതിനായി സ്പീഡ് ബ്രേക്കറുകള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത്. ബന്ദിപ്പൂര്‍-മുതുമല, പറമ്പിക്കുളം തുടങ്ങിയ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകാന്‍ വാഹനങ്ങള്‍ക്ക് രാത്രികാലങ്ങളില്‍ അനുവാദമില്ല. നിലവില്‍ സാങ്ച്വറികളില്‍ രാത്രികാലങ്ങളില്‍ ഹെവി വാഹനങ്ങള്‍ക്ക് അനുവാദമില്ലെങ്കിലും മറയൂര്‍-ചിന്നാര്‍ റോഡില്‍ നാളിതുവരെ യാതൊരു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. സമ്മര്‍ദ്ദം മൂലം സ്പീഡ് ബ്രേക്കറുകള്‍ എടുത്തുമാറ്റുകയാണെങ്കില്‍ ചിന്നാറിന്റെ വന്യജീവികളുടെ ആവാസ വ്യവസ്ഥയെ തീര്‍ത്തും പ്രതികൂലമായി ബാധിക്കും എന്ന് തീര്‍ച്ചയാണ്.

marayoor

വേഗനിയന്ത്രണ ബോര്‍ഡുകളോ, സ്പീഡ് ബ്രേയ്ക്കറുകളോ സ്ഥാപിക്കാത്തതു മൂലമാണ് കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 85 വന്യമൃഗങ്ങള്‍ റോഡപകടങ്ങളില്‍ മരിച്ചത്. വാഹനങ്ങളുടെ അമിതവേഗം മൂലം വീതി കുറഞ്ഞ നിരത്തില്‍ ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം മനസിലാകാതെ പോകുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പലപ്പോഴും യാത്രക്കാര്‍ ഇവയുടെ ആക്രമണത്തിന് വിധേയരാകാറുമുണ്ട്.

03

അന്യസംസ്ഥാനക്കാരുടേതുള്‍പ്പെടെ അനേകം വാഹനങ്ങള്‍ ആനയുടെ ആക്രമണത്തില്‍ കേടുപാടുകള്‍ പറ്റുകയും അതിന്റെയൊക്കെ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള നഷ്ടപരിഹാര തുക വനം വകുപ്പിന്റെ ഉത്തരവാദിത്വത്തില്‍ വരികയും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്.

04

തുടര്‍ന്നു സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകളിലൊന്നാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്. ചിന്നാര്‍ കാട്ടില്‍ ജലം കുറഞ്ഞതോടെ രാത്രി-പകല്‍ ഭേദമന്യേ വന്യജീവികള്‍ റോഡ് മുറിച്ചു കടക്കാറുണ്ട്. നിലവിലെ അവസ്ഥ സംഘര്‍ഷഭരിതമായി തുടരുകയാണെങ്കില്‍ വന്യജീവികള്‍ ഇനിയും കൊല്ലപ്പെടും. ഇത്തരം സാഹചര്യങ്ങളില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കാനാണ് വനം വകുപ്പിനു നിര്‍ദേശം ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇത്തരം നടപടികള്‍ പ്രശ്‌നം ഗുരുതരമാക്കാനേ ഉപകരിക്കൂ. 

05