ഒടുവിൽ ആശങ്കകൾക്ക് വിരാമം. നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ലോങ് മാർച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ സമുദ്രത്തിൽ വീണത്. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കും കാത്തിരിപ്പിനും അവസാനമായി.

ഞായറാഴ്ച പുലർച്ചെയോടെ റോക്കറ്റ് ഭൂമിയിൽ പതിച്ചേക്കുമെന്ന വാർത്ത പുറത്തുവന്നത് മുതൽ നിയന്ത്രണം നഷ്ടപ്പെട്ട റോക്കറ്റിന്റെ സഞ്ചാരപഥം ഉറ്റുനോക്കുകയായിരുന്നു ലോകം. ശനിയാഴ്ച വൈകിട്ട് മുതൽ റോക്കറ്റിന്റെ സഞ്ചാരപഥത്തെക്കുറിച്ച് തത്സമയ സംപ്രേഷണവും ആരംഭിച്ചിരുന്നു. ഒട്ടേറെ യൂട്യൂബ് ചാനലുകളും ഫെയ്സ്ബുക്ക് പേജുകളുമാണ് റോക്കറ്റിന്റെ ട്രാക്കിങ് തത്സമയം പുറത്തുവിട്ടത്. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ളവർ കണ്ണും കാതും കൂർപ്പിച്ച് ഈ ചാനലുകൾക്ക് മുന്നിലായി. റോക്കറ്റ് ഓരോ രാജ്യത്തിന് മുകളിലൂടെയും കടന്നുപോകുമ്പോൾ പ്രാർഥനകളായും ആശ്വാസവാക്കുകളായും ലൈവ് ചാറ്റിൽ കമന്റുകൾ വന്നു.

റോക്കറ്റിന്റെ ലൈവ് ട്രാക്കിങ് സംപ്രേഷണം ചെയ്ത മിക്ക ചാനലുകളിലും മലയാളികളുടെ സാന്നിധ്യമായിരുന്നു എടുത്തുപറയേണ്ടത്. ശനിയാഴ്ച രാത്രി മുതൽ ഓരോ നിമിഷവും ചാനലുകളിലെ ലൈവ് ട്രാക്കിങ് കാണുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു. ഇതിൽ ബഹുഭൂരിഭാഗവും മലയാളികളായിരുന്നു. സ്വന്തം നാടിന്റെ പേര് പറഞ്ഞ് കമന്റുകൾ ആരംഭിച്ച മലയാളി, പിന്നീടങ്ങോട്ട് തമാശകളിലൂടെയും കമന്റ് ബോക്സിൽ സാന്നിധ്യമറിയിച്ചു.

റോക്കറ്റ് എന്റെ പറമ്പിലെങ്ങാനും വീണാൽ ഒരു കഷണം പോലും ആർക്കും തരില്ലെന്നായിരുന്നു മലയാളികളിലൊരാളുടെ കമന്റ്. ഇന്ത്യയിൽ വീണാൽ സ്റ്റിക്കർ മാറ്റി വിൽക്കുമെന്ന് മറ്റൊരാൾ. പിന്നീടങ്ങോട്ട് മലയാളത്തിലുള്ള കമന്റുകളുടെ പൂരം. എത്രനേരമായി ഇത് തേങ്ങ ഉടയ്ക്ക് സ്വാമീ എന്നായിരുന്നു ചിലരുടെ കമന്റ്.

ഞായറാഴ്ച പുലർച്ചെയോടെ റോക്കറ്റ് ഭൂമിയിൽ പതിക്കുമെന്നായിരുന്നു കണക്കുക്കൂട്ടൽ. എല്ലാ ചാനലുകളിലും ഇതിന്റെ കൗണ്ട് ഡൗണും നൽകിയിരുന്നു. എന്നാൽ ഈ കണക്കുക്കൂട്ടലുകൾ തെറ്റിച്ച് അല്പംകൂടി കഴിഞ്ഞാണ് ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചത്.

ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ തന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളുടെ പ്രധാനഭാഗങ്ങളെല്ലാം കത്തി നശിച്ചിരുന്നു. ചൈനീസ് ബഹിരാകാശ ഏജൻസി വിവരം പുറത്തു വിട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.ലോംഗ് മാർച്ച് -5 ബി റോക്കറ്റ് പതനത്തിൽ നിന്ന് വലിയ അപകടമൊന്നുമില്ലെന്ന് ബെയ്ജിങ്ങിലെ അധികൃതർ വ്യക്തമാക്കി.

''നിരീക്ഷണത്തിനും വിശകലനത്തിനും ശേഷം, 2021 മെയ് 9 ന് 10:24 ന് (0224 ജിഎംടി) ലോംഗ് മാർച്ച് 5 ബി യാവോ -2 വിക്ഷേപണ വാഹനത്തിന്റെ അവശിഷ്ടങ്ങൾ ഭൗനാന്തരീക്ഷത്തിൽ പ്രവേശിച്ചു.മാലിദ്വീപിനടുത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രദേശത്താണ് പതിച്ചതെന്നാണ് കരുതുന്നത്', ചൈന അറിയിച്ചു. എവിടെയാണ് പതിക്കുകയെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്നായിരുന്നു യു.എസ്. പ്രതിരോധ മന്ത്രാലയ വാക്താവ് മൈക് ഹൊവാർഡ് നേരത്തെ പറഞ്ഞത്.

100 അടി ഉയരവും 22 ടൺ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടൺ ഭാരമുള്ള ഭാഗമാണ് ഭൂമിയിലേക്ക് പതിച്ചത്. യൂറോപ്യൻ ബഹിരാകാശ ഏജൻസി 'ഭൂമിയുടെ ഉപരിതലത്തിന്റെ ഏതാണ്ട് 41.5Nനും 41.5S അക്ഷാംശത്തിനും ഇടയിലുള്ള ഒരു' റിസ്ക് സോൺ 'പ്രവചിച്ചിരുന്നു. ന്യൂയോർക്കിന് തെക്ക്, ആഫ്രിക്ക, ഓസ്ട്രേലിയ, ജപ്പാന് തെക്കായിട്ടുള്ള ഏഷ്യയുടെ ചില ഭാഗങ്ങൾ, യൂറോപ്പിൽ സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി, ഗ്രീസ് എന്നിവയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിസ്ക് സോൺ പ്രവചനത്തിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ പ്രവചനങ്ങൾ തെറ്റിച്ചുകൊണ്ടാണ് ആശങ്കയ്ക്ക് വിരാമമിട്ട് ഇന്ത്യൻ സമുദ്രത്തിൽ പതിച്ചത്.

ഏപ്രിൽ 29-നാണ് ചൈന ലോങ് മാർച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്നപദ്ധതിയായ ലാർജ് മോഡ്യുലർ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ടിയാൻഹെ മൊഡ്യൂളിൽ നിന്ന് വേർപെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.

Content Highlights:chinese rocket live tracking comments in youtube channels