Photo Courtesy: facebook|Ernakulam Collector.
കൊച്ചി: 'ഇതിലും വലിയ സംരക്ഷണം ഇല്ല! ഇവരുടെ സ്‌നേഹത്തിന് മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്,' എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു. വടുതല വാത്സല്യഭവൻ അനാഥാലയത്തിലെ കുട്ടികൾ തനിയ്ക്ക് നിർമിച്ചുനൽകിയ 'Thank you Suhas sir' എന്ന് തുന്നിച്ചേർത്ത മാസ്ക് അണിഞ്ഞുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കളക്ടറുടെ കുറിപ്പ്.
കൊറോണക്കാലത്ത് കുട്ടികൾക്കും സാമൂഹ്യസേവനം ചെയ്യാനാകുമെന്നതിന്റെ ഉത്തമോദാഹരണമാണ് വാത്സല്യഭവനിലെ കുഞ്ഞനുജത്തിമാരുടെ പ്രവൃത്തിയെന്നും കൊറോണ അതിജീവിച്ച ശേഷവും മാസ്ക് നിധിപോലെ സൂക്ഷിക്കുമെന്നും എസ്.സുഹാസ് പോസ്റ്റിൽ പറയുന്നു. തിരക്കൊഴിഞ്ഞ ശേഷം കുഞ്ഞനുജത്തിമാരെ കാണാൻ കുടുംബസമേതം എത്തുമെന്ന് ഉറപ്പുനൽകിയാണ് കളക്ടർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കളക്ടറുടെ പോസ്റ്റിന്റെ പൂർണരൂപം:
ഇതിലും വലിയ സംരക്ഷണം ഇല്ല!
ഇവരുടെ സ്‌നേഹത്തിന് മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്.
വടുതല വാത്സല്യ ഭവൻ അനാഥാലയത്തിലെ കുഞ്ഞനുജത്തിമാർ ചേർന്ന് നിർമിച്ചു നൽകിയതാണ് ഈ മാസ്ക്. ഈ കൊറോണ കാലത്ത് ഈ പ്രായത്തിലും എങ്ങനെ സമൂഹ സേവനം ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണമാണിത്. എനിക്ക് മാത്രമല്ല, നിരവധി പോലീസ് സ്റ്റേഷനുകളിലും ഇവർ മാസ്ക് നൽകിയിട്ടുണ്ട്. വില്‍ക്കുകയല്ല ആ സ്നേഹം ജനങ്ങളിലേക്ക് എത്തുകയാണ്. അവരുടെ മനസ് പോലെ വർണ ശബളമാണ് ഈ മാസ്കുകൾ. ഈ കൊറോണ കാലം അതിജീവിച്ചതിനു ശേഷവും കഴുകി വൃത്തിയാക്കി ഒരു നിധി പോലെ ഞാൻ ഈ മാസ്ക് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു.
ഈ സ്നേഹത്തിന്റെയും കരുതലിന്റെയും മുൻപിൽ എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല. ഈ തിരക്കൊക്കെ ഒഴിഞ്ഞു ഒരു ദിവസം കുടുംബമായി ഈ അനുജത്തിമാരോടൊപ്പം ചിലവഴിക്കാൻ ഞാൻ എത്താം എന്ന വാക്കു മാത്രം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..