തിരുവനന്തപുരം: ദത്തുവിവാദത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അനുപമയാണ് ആ കുഞ്ഞിന്റെ അമ്മയെങ്കില്‍ അത് എത്രയും വേഗം അവര്‍ക്ക് തന്നെ കിട്ടട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. ദത്ത് നടപടികളുള്ളതിനാല്‍ ഇടപെടാവുന്ന പരമാവധി ഇടപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ സംരക്ഷണവും അതിന്റെ അവകാശങ്ങളും സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ശിശുക്ഷേമ വികസന സമിതിക്ക് ദത്ത് ലൈസന്‍സില്ല എന്ന വാര്‍ത്ത തെറ്റാണ്. അടുത്ത വര്‍ഷം ഡിസംബര്‍ വരെ ദത്ത് നല്‍കാനുള്ള ലൈസന്‍സ് ശിശുക്ഷേമ സമിതിക്കുണ്ട്. വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്നോ നാളെയോ കിട്ടും. ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്നത് ഈ റിപ്പോര്‍ട്ടിലുണ്ടാകും. അനുപമയെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും പ്രസ്താവനയും വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും വീണാ ജോര്‍ജ് അറിയിച്ചു.

ഇതിനിടെ കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. രാജീവ്ഗാന്ധി സെന്റര്‍ അധികൃതരാണ് സാമ്പിളെടുത്തത്. അനുപമയുടെയും അജിത്തിന്റെയും ഡിഎന്‍എ സാമ്പിള്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെ എടുക്കും.