സിയാസ് കടൽഭിത്തിയുടെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ
വടകര: ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങൽ ബീച്ചിൽ തകർന്ന കടൽഭിത്തിയുടെ കല്ലുകൾക്കിടയിൽ കുടുങ്ങിയ ഒമ്പതുവയസ്സുകാരനെ മൂന്നുമണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ പുറത്തെടുത്തു. മുട്ടുങ്ങൽ വരാന്റെ തയ്യിൽ ഷാഫിയുടെയും മുബീനയുടെയും മകൻ സിയാസ് ആണ് ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ കൂറ്റൻ കല്ലുകൾക്കിടയിൽ കുടുങ്ങിയത്. പുറത്തെടുത്ത സിയാസിന് പരിക്കൊന്നുമില്ല. കടൽത്തീരത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കല്ലുകൾക്കിടയിലേക്ക് പന്തെടുക്കാൻ പോയപ്പോഴാണ് സിയാസ് അപകടത്തിൽപ്പെട്ടത്. മൂന്ന് കല്ലുകൾക്കിടയിലെ ഒഴിവിലേക്കാണ് പന്ത് പോയത്. ഇതിലേക്ക് ഇറങ്ങിയപ്പോൾ കുടുങ്ങിയതാണെന്ന് കരുതുന്നു.
സമീപവാസിയായ സഹൽ സമീർ എന്ന ഏഴുവയസ്സുകാരനാണ് കല്ലുകൾക്കിടയിൽ കുടുങ്ങിയ സിയാസിനെ ആദ്യം കാണുന്നത്. തുടർന്ന് സഹൽ വീട്ടിലും മറ്റും വിവരം അറിയിച്ചു. നാട്ടുകാർ കുട്ടിയെ പുറത്തെടുക്കാൻ ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. വടകര സ്റ്റേഷൻ ഓഫീസർ കെ. അരുണിന്റെ നേതൃത്വത്തിലെത്തിയ സംഘം കല്ലുകൾ മാറ്റാൻ ശ്രമം നടത്തിയെങ്കിലും ചുറ്റുമുള്ള കല്ലുകൾ ഇളകിയാൽ അത് അപകടകരമാകുമെന്നതിനാൽ തന്ത്രം മാറ്റി. വടകരയിൽനിന്ന് കരിമ്പന ക്രെയിൻ സംഘവും ഹിറ്റാച്ചിയും രാത്രി എട്ടുമണിയോടെ സ്ഥലത്തെത്തിച്ചു. അഗ്നിരക്ഷാസേനയും ക്രെയിൻ ഓപ്പറേറ്റർമാരും നാട്ടുകാരുമെല്ലാം ഒറ്റക്കെട്ടായിനിന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സിയാസ് കുടുങ്ങിയതിനുമുകളിലുള്ള മൂന്ന് കൂറ്റൻ കല്ലുകൾ മാറ്റുകയായിരുന്നു പ്രധാനദൗത്യം. ഇത് ഉയർത്തുമ്പോൾ സമീപത്തുള്ള കല്ലുകൾ സിയാസിനരികിലേക്ക് വീഴാനും പാടില്ല. ഓരോ കല്ലും ബെൽറ്റിട്ട് കുടുക്കിയശേഷം ക്രെയിൻകൊണ്ട് ഉയർത്തിമാറ്റി. മൂന്നാമത്തെ കല്ല് എടുത്തുമാറ്റലായിരുന്നു ഏറെ പ്രയാസം. ഒരു ഭാഗത്തുനിന്ന് ക്രെയിൻ കല്ല് ഉയർത്തിയപ്പോൾ മറുഭാഗത്തുനിന്ന് ഹിറ്റാച്ചി കൊണ്ട് സമീപത്തെ കല്ലുകൾ തടുത്തുനിർത്തി. ഒടുവിൽ 8.50-ഓടെ മൂന്നാമത്തെ കല്ലും മാറ്റിയശേഷമാണ് സിയാസിനെ പുറത്തെടുത്തത്.
ഈ സമയമത്രയും സിയാസിന്റെ മുഖം മാത്രം പുറത്തുനിന്ന് കാണാമായിരുന്നു. രണ്ടുതവണ അഗ്നിരക്ഷാസേന സിയാസിന് വെള്ളം നൽകി. പുറത്തെടുത്തശേഷം വടകര ആശ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കാര്യമായ പ്രശ്നമില്ലാത്തതിനാൽ തിരിച്ചുപോയി. കെ.കെ. രമ എം.എൽ.എ., പഞ്ചായത്ത് അധികൃതർ, വടകര പോലീസ്, റവന്യൂ അധികൃതർ എന്നിവരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
സഹലിനോട് സിയാസ് പറഞ്ഞു...‘ഞാൻ കുടുങ്ങിയത് എല്ലാവരെയും അറിയിക്കണം ’
: കടൽഭിത്തിയുടെ കല്ലുകൾക്കിടയിൽ കുടുങ്ങിയ ഒമ്പതുവയസ്സുകാരൻ സിയാസിന് തുണയായത് സമീപത്തുള്ള സഹൽ സമീറിന്റെ കൃത്യസമയത്തുള്ള ഇടപെടൽ. പന്തെടുക്കാൻ കടൽഭിത്തിക്കിടയിലേക്ക് സിയാസ് ഇറങ്ങിയതും അവിടെ കുടുങ്ങിയതും ആരും കണ്ടിരുന്നില്ല.
യാദൃച്ഛികമായാണ് ആ സമയത്ത് ആശാരിക്കണ്ടിപ്പറമ്പത്ത് സമീറിന്റെയും ഷംസീറയുടെയും മകൻ ഏഴുവയസ്സുള്ള സഹൽ അവിടെയെത്തിയത്. കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന സിയാസ് സഹലിനെക്കണ്ടപ്പോൾ വിളിച്ചു. എന്നിട്ട് പറഞ്ഞു: ‘‘ഞാൻ ഇവിടെ കുടുങ്ങിയ കാര്യം നീ എല്ലാവരെയും അറിയിക്കണം... എന്നെ പുറത്തുകയറ്റണം.’’ ഉടൻതന്നെ സഹൽ വീട്ടിലെത്തി ഉമ്മയെയും സിയാസിന്റെ വീട്ടിലും വിവരമറിയിച്ചു.
അങ്ങനെയാണ് നാട്ടുകാരും വിവരം അറിയുന്നത്. കൃത്യസമയത്ത് സഹൽ സിയാസിനെ കണ്ടതാണ് രക്ഷയായത്. കണ്ടില്ലായിരുന്നുവെങ്കിൽ സിയാസിനെ കാണാതെ വീട്ടുകാരും നാട്ടുകാരും അലയുമായിരുന്നു. സിയാസിന്റെ മനോധൈര്യവും രക്ഷാപ്രവർത്തകർക്ക് ധൈര്യം പകർന്നു. കല്ലുകൾക്കിടയിലൂടെ സിയാസിനെ കാണാൻ കഴിഞ്ഞിരുന്നു.
Content Highlights: Child stuck between sea wall
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..