തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിൽ മണിക്കൂറുകളോളം റെയ്‌ഡ് നടത്തിയ ഇ.ഡിക്കെതിരേ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. 

ബിനീഷിന്റെ ഭാര്യാപിതാവായ പ്രദീപിന്റെ പരാതിയിലാണ് നടപടി. നാലാം തീയതി രാവിലെ എട്ടരയോടെ വീട് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടികളോട് കയര്‍ത്ത് സംസാരിക്കുകയും ഭക്ഷണവും മുലപ്പാലും നല്‍കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. പത്തു വയസ്സുള്ള മൂത്ത കുട്ടിയെ അമ്മയെയും അനിയത്തിയെയും കാണാന്‍ അനുവദിച്ചില്ലെന്നും ഇത് കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

പരാതി അന്വേഷിച്ച് ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് കമ്മീഷന്‍ ജില്ലാ പൊലീസ് കമ്മീഷണറോട് ഉത്തരവായി. നിയമലംഘനം നടന്നതായി ബോദ്ധ്യപ്പെട്ടാല്‍ പൊലീസിന് നിയമാനുസൃതം കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കുട്ടികളുടെ അവസ്ഥയെപ്പറ്റി ജില്ല ശിശു സംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യണം. അതുപോലെ, ആവശ്യമെങ്കില്‍ കുട്ടികള്‍ക്ക് വൈദ്യസഹായം നല്‍കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസറോടും കമ്മീഷന്‍ ഉത്തരവായി. 

ബിനീഷിന്റെ ഭാര്യയേയും കുട്ടിയേയും ഒരുമുറിയിൽ പൂട്ടിയിട്ടതായും കുട്ടി ഉറങ്ങിയിട്ട് പോലുമില്ലെന്ന് ബിനീഷിന്റെ ഭാര്യാമാതാവ് നേരത്തെ ആരോപിച്ചിരുന്നു. കേസിൽ പ്രതികളല്ലാത്തവരെ ഇത്തരത്തിൽ പീഡിപ്പിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കുടുംബം കുറ്റപ്പെടുത്തിയിരുന്നു.

കുടുംബത്തിന്റെ പരാതിയെ തുടർന്ന് ബാലാവകാശ കമ്മീഷൻ ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ റെയ്‌ഡ് നടന്ന ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചിരുന്നു. എന്നാൽ കമ്മീഷൻ ഉദ്യോഗസ്ഥരെ വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ സുരക്ഷാ ചുമതലയുളള ഉദ്യോഗസ്ഥർ സമ്മതിച്ചിരുന്നില്ല.

 

content highlights:child rights commission registered case against ED