തിരുവനന്തപുരം: കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയെന്ന വിഷയത്തില്‍ ശിശുക്ഷേമ സമിതി  (സി.ഡബ്ല്യൂ.സി)  തെളിവു നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുകയാണെന്ന ആരോപണവുമായി അനുപമ. ഡിഎന്‍എ പരിശോധന ചിത്രീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയെങ്കിലും അത് നടപ്പായില്ല. സിസിടിവി ദൃശ്യങ്ങളില്‍ വിശ്വാസ്യതയില്ല. കുറ്റക്കാരെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നു. വകുപ്പുതല അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. 

വിഷയത്തില്‍ വനിതാ - ശിശുവികസന വകുപ്പ് തല അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ ആരോപണവുമായി അനുപമ രംഗത്തെത്തിയിട്ടുള്ളത്. അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് വിവരം. അനുപമയുടേയും അജിത്തിന്റെയും മൊഴി വനിതാ - ശിശു വികസന വകുപ്പ് ഡയറക്ടര്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിലടക്കം സംശയമുണ്ടെന്നാണ് അനുപമ പറയുന്നത്.

മൊഴിയെടുത്തപ്പോള്‍ തന്നെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് ഉണ്ടായത് എന്ന് അനുപമ ആരോപിച്ചു. എന്തുകൊണ്ട് കോടതിയില്‍ കേസ് കൊടുത്തില്ല? ശിശുക്ഷേമ സമിതിയില്‍ അനുപമ പോയി അന്വേഷിച്ചതിന് രജിസ്റ്ററില്‍ തെളിവുകളില്ല തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ വനിതാ ശിശു വികസന ഡയറക്ടര്‍ പറയുന്നത്. അത് കൊണ്ട് തെളിവടക്കം നശിപ്പിക്കുന്ന ഒരു നടപടി ഉണ്ടായിട്ടുണ്ട് എന്ന സംശയമാണ് അനുപമ പ്രകടിപ്പിക്കുന്നത്.

'കേസില്‍ വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ല. ഷിജു ഖാന്‍ അടക്കമുള്ളവരെ സംരക്ഷിക്കാനുള്ള നീക്കം സര്‍ക്കാരിന്റെയും വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. അതുകൊണ്ട് വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെങ്കിലും ഇതില്‍ വിശ്വാസമില്ല' - അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസന്‍സ് ഉണ്ടെങ്കില്‍ കോടതിയ്ക്ക് മുമ്പില്‍ ഹാജരാക്കാന്‍ എന്തുകൊണ്ട് സാധിച്ചില്ല എന്നും അനുപമ ചോദിച്ചു.

Child missing case - DNA test did not shoot - anupama