തിരുവന്തപുരം: കുഞ്ഞിനുവേണ്ടി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന അനുപമയ്ക്കും അജിത്തിനുമെതിരെ അജിത്തിന്റെ മുന്‍ ഭാര്യ നസിയ രംഗത്ത്. അജിത്തിന് വിവാഹമോചനം ലഭിക്കില്ല എന്ന് അറിഞ്ഞതോടെയാണ് അനുപമ കുഞ്ഞിനെ കൈവിട്ടതെന്ന് നസിയ ആരോപിച്ചു. 

'ഒരമ്മയും സ്വന്തം കുഞ്ഞിനെ വിട്ടുകളയാന്‍ തയ്യാറാകില്ല.  തുടക്കം മുതല്‍ തന്നെ വിവാഹ മോചനത്തിന് ഞാന്‍ എതിരായിരുന്നു. വിവാഹേ മോചനം ലഭിക്കാതെ അനുപമയെ സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെ അജിത്ത് നിരന്തരമായി ഭീഷണിപ്പെടുത്തുകയും വീട്ടുകാരെ വരെ വിളിച്ച് അവഹേളിക്കുകയും ചെയ്തു - നസിയ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കുഞ്ഞിനെയും അജിത്തിനെയുമാണ് വേണ്ടിയിരുന്നതെങ്കില്‍ അനുപമ നേരത്തെതന്നെ വീടുവിട്ട് ഇറങ്ങി പോകേണ്ടതായിരുന്നു. വിവാഹമോചനം ലഭിക്കില്ലെന്ന് തോന്നിയപ്പോള്‍ അനുപമ വീട്ടില്‍ തന്നെ ഇരുന്നു. കുഞ്ഞിനെ വേണമെന്നുണ്ടായിരുന്നുവെങ്കില്‍ അതിനെ കൊടുക്കേണ്ട ആവശ്യം വരില്ലായിരുന്നു. ഒരമ്മയ്ക്ക് സ്വന്തം ചോരക്കുഞ്ഞിന് ഒരു മണിക്കൂര്‍ പോലും പിരിഞ്ഞിരിക്കാനാകില്ലെന്നും നസിയ പറഞ്ഞു.  

2011 ലാണ് അജിത്തുമായുള്ള തന്റെ വിവാഹം നടന്നത്. സ്പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ഒമ്പത് വര്‍ഷം ഒന്നിച്ച് ജിവിച്ചു. സ്നേഹത്തോടെയുള്ള ജീവിതമായിരുന്നു ആദ്യമൊക്കെ. അജിത്തിന് അനുപമയുമായുള്ള ബന്ധമാണ് തങ്ങളുടെ ദാമ്പത്യത്തെ ഉലച്ചത്. ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും സ്വന്തം വീട്ടില്‍ പോയി നിന്നിട്ടില്ല. അജിത്തിനൊപ്പമായിരുന്നു താമസം. 

അജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞെങ്കിലും അത് അനുപമ ആയിരുന്നുവെന്ന് വ്യക്തമായിരുന്നില്ല. ആദ്യത്തെ ലോക്ക് ഡൗണ്‍ സമയത്ത് ഗര്‍ഭമുണ്ടോയെന്ന പരിശോധന റിസള്‍ട്ട് കണ്ടു. അതിന് ശേഷം പുലര്‍ച്ചെ നാലുമണിക്ക് അനുപമയുടെ മെസേജ് അജിത്തിന് വന്നു. അത് കണ്ടപ്പോഴാണ് അനുപമയെ തിരിച്ചറിഞ്ഞത്. അപ്പോഴും നെടുമങ്ങാടുള്ള ആളാണ് പെണ്‍കുട്ടിയെന്നാണ് എന്നോട് അജിത്ത് പറഞ്ഞത്. അജിത്ത് ജോലി ചെയ്യുന്ന ആശുപത്രിയില്‍ ഒപ്പം ജോലി ചെയ്യുന്ന ആളാണെന്നാണ് പറഞ്ഞത്. 

അനുപമയുടെ അച്ഛന്‍ വിളിച്ച് വിവരം തിരക്കിയിരുന്നു. അന്ന് ഡിവോഴ്സിന് സമ്മതിക്കില്ല എന്നാണ് ഞാന്‍ പറഞ്ഞത്. വിവാഹമോചനം നീട്ടിക്കൊണ്ടുപോകാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷെ നിരന്തരമായ പീഡനവും ഭീഷണിയുമായിരുന്നു നേരിടേണ്ടി വന്നത്.  അനുപമയുടെ കുട്ടിയെചൊല്ലി നടക്കുന്നത് മുഴുവന്‍ കള്ള പ്രചരണമാണ്.  അതുകൊണ്ടാണ് ഇപ്പോഴിതൊക്കെ വെളിപ്പെടുത്തുന്നതെന്നും അവര്‍ പറഞ്ഞു. 

അനുപമയ്ക്കൊപ്പം ജീവിക്കാന്‍ പോകില്ല എന്നാല്‍ കുഞ്ഞിനെ വേണമെന്നായിരുന്നു പിന്നീട് അജിത്ത് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ ഇനി പ്രതികരിക്കും.  ഇത്രയും നാള്‍ നിശബ്ദയായിരുന്നത് അജിത്ത് വിളിച്ച് മാപ്പ് ചോദിച്ചിരുന്നതുകൊണ്ടാണ്. എന്നാല്‍ തന്റെ മൗനം മുതലെടുക്കുകയാണ് അജിത്ത് ചെയ്തത്. അതിനെല്ലാം തെളിവുണ്ട്. എന്നെ ഫോണില്‍ വിളിച്ചതിന്റെ റെക്കോര്‍ഡും വാട്‌സാപ്പ്‌ ചാറ്റും തെളിവായുണ്ടെന്നും നസിയ വ്യക്തമാക്കി. അനുപമയും അജിത്തും തമ്മിലുള്ള ബന്ധം അറിഞ്ഞപ്പോള്‍ തന്നെ അത് അവരുടെ കുടുംബത്തെ അറിയിച്ച് തടയാമായിരുന്നു. പക്ഷേ ഒമ്പത് വര്‍ഷം കൂടെ കഴിഞ്ഞ ഭര്‍ത്താവിനെ എങ്ങനെ നാണംകെടുത്തുമെന്നോര്‍ത്താണ് മടിച്ചതെന്നും അവര്‍ പറഞ്ഞു.

Content Highlights: Child missing case: Ajith's first wife against Anupama