തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നും വിലയ്ക്ക് വാങ്ങിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഇടപെട്ട് രക്ഷിച്ചു. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ ദമ്പതിമാരാണ് തമിഴ്നാട്ടില്‍ നിന്ന് ഇടനിലക്കാര്‍ മുഖേന കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയത്. കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. 

പണം നല്‍കിയാണ് കുഞ്ഞിനെ വാങ്ങിയതെന്ന് പൂന്തുറ സ്വദേശിനിയായ സ്ത്രീ പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇടനിലക്കാരെ കുറിച്ചുള്ള വിവരം നല്‍കാന്‍ ഇവര്‍ തയാറായില്ല. 

സംഭവത്തെ തുടര്‍ന്ന് മൂന്ന് കേസുകളാണ് ദമ്പതിമാര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമവിധേയമല്ലാത്ത ദത്തെടുക്കല്‍, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, കുട്ടിയെ വില്‍പ്പന നടത്തുക തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. 

സംഭവത്തെക്കുറിച്ച് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ: തമിഴ്നാട്ടിലെ ഒരു ആശുപത്രിയില്‍ നിന്നാണ് ജനിച്ച് കുറച്ച് മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിനെ ഇടനിലക്കാര്‍ വഴി ദമ്പതിമാര്‍ക്ക് ലഭിച്ചത്. കുട്ടികള്‍ ഇല്ലാത്ത ദമ്പതിമാര്‍ കുഞ്ഞിനെ നല്ല രീതിയില്‍ തന്നെയാണ് വളര്‍ത്തിയിരുന്നത്. 

എന്നാല്‍, നിയമപരമല്ലാതെ ലഭിച്ച കുട്ടിയെ വളര്‍ത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തി കുഞ്ഞിനെ ഏറ്റെടുത്തത്. കുഞ്ഞിന്റെ വില്‍പനയ്ക്കു പിന്നില്‍ തമിഴ്നാട് കേന്ദ്രമാക്കിയ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന സംശയവും ശിശുക്ഷേമ സമിതി പ്രകടിപ്പിച്ചു.ഇടനിലക്കാരെ കണ്ടെത്തുന്നതിനായി വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരുടെ സഹായം അനിവാര്യമാണ്. എന്നാല്‍, അന്വേഷണ സംഘവുമായി ഇവര്‍ സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 

കുഞ്ഞിന്റെ വില്‍പനയ്ക്കു പിന്നില്‍ തമിഴ്‌നാട് കേന്ദ്രമാക്കിയ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ശിശുക്ഷേമ സംശയം പ്രകടിപ്പിച്ചു. കുഞ്ഞിനെ വിറ്റ ഇടനിലക്കാരെ കുറിച്ച് വലിയതുറ പോലീസ് അന്വേഷണം തുടങ്ങി.

Child Traffick, Child line, Child selling, Illigal adoption,