അജിത്തും അനുപമയും | Photo: മാതൃഭൂമി
തിരുവനന്തപുരം: പോലീസിനെതിരെ കടുത്ത ആരോപണവുമായി കുഞ്ഞിനെ തട്ടിയെടുത്തതായി മാതാപിതാക്കള്‍ക്കെതിരെ പരാതി നല്കിയ മുന്‍ എസ്.എഫ്.ഐ. നേതാവ് അനുപമ എസ്.ചന്ദ്രന്. എഫ്ഐആര്‍ ഇടാന്‍ ആറുമാസത്തെ സമയം എടുത്ത പോലീസ് ഇതുവരെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറായില്ലെന്നും അനുപമ ആരോപിച്ചു. മാതാപിതാക്കള്‍ ഇപ്പോള്‍ നല്കുന്ന വിശദീകരണത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും അനുപമ വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.
അനുപമയുടെ വാക്കുകള്‍
കുഞ്ഞിനെ അമ്മതൊട്ടിലില്‍ ഏല്‍പ്പിച്ചുവെന്ന് അറിയുന്നത് രണ്ടുമാസം മുമ്പ് മാത്രമാണ്. അതുപോലും വിശ്വസനീയമല്ല. കാരണം ആറുമാസം മുമ്പെ പരാതി കൊടുത്തതാണ്. ഇതിനിടയില്‍ ഒരു തവണയെങ്കിലും വന്ന് പോലീസ് സ്റ്റേഷനില്‍ പറഞ്ഞിരുന്നുവെങ്കില്‍ ഞങ്ങള്‍ ആ വഴിക്ക് നീങ്ങുമായിരുന്നു. ചിലപ്പോള്‍ ആ സമയത്ത് ഞങ്ങളുടെ കുഞ്ഞ് അമ്മ തൊട്ടിലില്‍ ഉണ്ടായിരുന്നിരിക്കാം. അങ്ങനെയെങ്കില്‍ കുഞ്ഞിനെ വീണ്ടെടുക്കാന്‍ കഴിഞ്ഞെനെ, കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാകുമായിരുന്നു. ദത്തെടുക്കലിന്റെ നടപടിക്രമങ്ങളെല്ലാം റദ്ദാക്കി വേണം കുഞ്ഞിനെ ഇനി വീണ്ടെടുക്കാന്‍. ഇത്രയും നാള് പറയാതിരുന്നതുകൊണ്ടുതന്നെ കുഞ്ഞിനെ അമ്മ തൊട്ടിലില്‍ ഏല്‍പ്പിച്ചുവെന്ന് ഇപ്പോള്‍ പറയുന്നതിനെ വിശ്വാസത്തില്‍ എടുക്കാനാകില്ല. ഞാനെന്റെ കുഞ്ഞിനെ കണ്ടിട്ട് ഒരു വര്‍ഷമായി. ചൊവ്വാഴ്ച അവന് ഒരുവയസ് ആയി. അന്ന് പോലും കുഞ്ഞിനെ കിട്ടാനുള്ള പരാതിയുമായി ഞങ്ങള്‍ ഓരോ സ്ഥലത്തും കയറി ഇറങ്ങുകയാണ്. അവന് ഒരു വയസാകുന്നതിന്റെ തലേന്ന്. അതായത് ഞങ്ങള്‍ പരാതികൊടുത്തിട്ട് ആറുമാസം തികയുന്നതിന്റെ അന്നാണ് അവര്‍ ഈ വിഷയത്തില്‍ എഫ്ഐആര്‍ ഇടുന്നത്. എഫ്ഐആറില്‍ കുഞ്ഞിനെ തട്ടികൊണ്ടുപോയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വകുപ്പ് പോലും ചേര്‍ത്തിട്ടില്ല. തട്ടികൊണ്ടുപോകുക, തടവില്‍ പാര്‍പ്പിക്കുക, വ്യാജ രേഖ ചമയ്ക്കുക, ഗൂഢാലോചന നടത്തുക. ഈ നാലുവകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
എന്തുകൊണ്ട് ഇത്രയും വൈകിയെന്ന് ചോദിച്ചപ്പോള്‍ നിയമോപദേശം തേടിയിരുന്നു. അതിന്റെ മറുപടി കിട്ടിയത് കഴിഞ്ഞദിവമാണ് എന്നാണ് പോലീസ് പറഞ്ഞത്.
മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോള്‍ മൊഴി വിശദ്ദമായി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. ചുരുക്കി മാത്രമെ എഴുതുവെന്ന് പോലീസ് നിര്‍ബന്ധം പിടിച്ചു. അങ്ങനെയാണേല്‍ പരാതി ഡിജിപിക്കോ മറ്റോ നല്‍കാം എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ പരാതി വിശദമായി രേഖപ്പെടുത്താമെന്ന് പോലീസ് സമ്മതിച്ചു. എന്നിട്ട് എല്ലാം കംപ്യൂട്ടറില്‍ രേഖപ്പെടുത്തുകയാണ് ചെയ്തത്. എന്നെ എന്റെ അച്ഛന് വിളിച്ച തെറികള്‍ ഉള്‍പ്പെടെ എല്ലാം പറഞ്ഞ് നോട്ട് ചെയ്യിപ്പിച്ച ശേഷം സ്റ്റേഷനില്‍ നിന്ന് ഇറങ്ങാന്‍ നേരത്ത് ഞങ്ങളോട് പറഞ്ഞത് ഇത് മൊഴിയായിട്ട് എടുത്തത് അല്ല. എഫ്ഐആര്‍ ഇട്ടതിന് ശേഷം ഞങ്ങള്‍ക്ക് വിവരം ബോധ്യപ്പെടാന്‍ വേണ്ടി ഒരു സ്റ്റേറ്റ്മെന്റ് എടുത്തുവെന്നെ ഉള്ളു എന്നാണ്. മൊഴിയെടുക്കാന്‍ പിന്നെ വിളിപ്പിക്കാമെന്നും പോലീസ് പറഞ്ഞു. ഇവര്‍ ഈ ചെയ്യുന്നത് എന്താണെന്ന് ഇപ്പോഴും മനസിലാകുന്നില്ല. അനുപമ വ്യക്തമാക്കി.
അനുപമയുടെ കുഞ്ഞിനെ ആന്ധ്രാപ്രദേശിലേക്കു നാടുകടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രസവിച്ച് മൂന്നാം ദിവസം മാതാപിതാക്കള്‍ എടുത്തുമാറ്റിയ കുഞ്ഞിനെ ശിശുക്ഷേമസമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാര്‍ക്ക് ദത്ത് നല്‍കിയതായാണ് സൂചന. തുടക്കത്തില്‍ താത്കാലിക ദത്ത് നല്കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണ്. വിവാദങ്ങള്‍ക്കിടയിലും ഇതിനുള്ള നടപടികളുമായി ശിശുക്ഷേമസമിതി മുന്നോട്ടുപോവുകയാണ്.
ഓഗസ്റ്റ് ആദ്യവാരം ശിശുക്ഷേമസമിതി ദത്ത് നല്കിയ കുഞ്ഞ് അനുപമയുടേതാണെന്നാണ് സംശയം. രണ്ട് ദിവസത്തിനു ശേഷമാണ് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസിലെത്തിയ മാതാപിതാക്കളോട് കുഞ്ഞ് ശിശുക്ഷേമസമിതിയിലുണ്ടെന്നു പറയുന്നത്. ഏപ്രിലില്‍ പേരൂര്‍ക്കട പോലീസിലാണ് ആദ്യം പരാതി നല്‍കിയത്.
കുഞ്ഞിനെ നിയമപരമായാണ് നല്‍കിയിട്ടുള്ളതെന്നും എന്നാല്‍, എവിടെയാണെന്ന് അനുപമയുടെ അച്ഛന് പേരൂര്‍ക്കട ഏരിയാ കമ്മിറ്റി അംഗം കൂടിയായ പി.എസ്.ജയചന്ദ്രന് പറയുന്നില്ലെന്നുമാണ് പോലീസ് പറഞ്ഞത്. കേസെടുക്കാന്‍ അന്ന് തയ്യാറാകാത്ത പോലീസ് കഴിഞ്ഞ ദിവസം ജയചന്ദ്രനും കുടുംബത്തിനും എതിരേ കേസെടുത്തു. ജൂണ്‍ 12-ന് അനുപമ ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്കി. ഒരു മാസത്തിനു ശേഷമാണ് കുഞ്ഞെവിടെയാണെന്ന് പോലീസ് പറയുന്നത്.
ഏപ്രിലില്‍ ശിശുക്ഷേമസമിതിയിലും ലഭിച്ച കുഞ്ഞുങ്ങളുടെ വിവരം തേടി രക്ഷിതാക്കള്‍ എത്തിയിരുന്നു. വിവരങ്ങള്‍ കോടതിയിലേ അറിയിക്കാനാവൂ എന്നാണ് അറിയിച്ചത്. എന്നാല്‍, സമിതിയിലെ ഉന്നതരായ പലര്‍ക്കും കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ച വിവരം അറിയാമായിരുന്നുവെന്നും മനഃപൂര്‍വം മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് അനുപമ പറയുന്നത്. വിവരം അറിഞ്ഞ ഉടനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്കി ഡി.എന്‍.എ. ടെസ്റ്റ് നടത്തി. അതേ ദിവസം രാത്രി ലഭിച്ച ഒരു കുഞ്ഞിന്റെ ടെസ്റ്റാണ് ഒത്തുനോക്കാന്‍ നടത്തിയതെന്നാണ് വിവരം.
പരാതി അറിഞ്ഞില്ലെന്നു നടിച്ച് ഇപ്പോഴും ദത്ത് നല്‍കാനുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശിശുക്ഷേമസമിതി ശ്രമിക്കുകയാണെന്ന് കുഞ്ഞിന്റെ മാതാപിതാക്കളായ അനുപമയും അജിത്തും ആരോപിക്കുന്നു.
Content Highlight: Child Kidnapping Case: Anupama's allegations against police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..