
നീതു കുട്ടിയുമായി ഹോട്ടലിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ. photo: mathrubhumi news/screen grab
കോട്ടയം: മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാതശിശുവിനേയും തട്ടിയെടുത്ത് സമീപത്തെ ഹോട്ടലിലെത്തിയ പ്രതി നീതുവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ കുഞ്ഞിനേയും എടുത്ത് നീതു ഫ്ളോറല്‍ പാര്‍ക്ക് ഹോട്ടലില്‍ എത്തുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. കുഞ്ഞുമായി നീതു ഹോട്ടല്‍ കോമ്പൗണ്ടിലേക്ക് കയറുന്നത് മുതലുള്ള ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്.
ഹോട്ടല്‍ റിസപ്ഷനില്‍ നിന്ന് താക്കോല്‍ വാങ്ങി നീതു കുഞ്ഞുമായി അകത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ഇവര്‍ കുഞ്ഞുമായി ഹോട്ടലിനുള്ളിലേക്ക് കയറിപോകുന്നത്. ആര്‍ക്കും അസ്വഭാവികത തോന്നാത്ത തരത്തിലായിരുന്നു പെരുമാറ്റം. വയലറ്റ് നിറത്തിലുള്ള ടൗവ്വലില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. എട്ട് വയസുള്ള മകനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകൂടിയാണ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍. സംഭവം നടന്ന മെഡിക്കല്‍ കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പലതും ലഭ്യമല്ലെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.
നീതു കയറിവരുമ്പോള്‍ റിസപ്ഷനിലുണ്ടായിരുന്ന ഹോട്ടല്‍ ജോലിക്കാരിയായ നിമ്മിയുടെയും പിന്നീട് നീതുവിന് പോകാനായി വിളിച്ചുവരുത്തിയ ടാക്സി ഡ്രൈവറായ അലക്സിന്റെയും അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ പെട്ടെന്ന് തന്നെ കണ്ടെത്താനും കുഞ്ഞിനെ രക്ഷപ്പെടുത്താനും കഴിഞ്ഞത്.
ജനുവരി നാലാം തീയതി നീതു കോട്ടയത്ത് എത്തിയിരുന്നു. ഇവിടെ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. ആശുപത്രിയില്‍നിന്ന് കടത്തിയ കുട്ടിയെ ലോഡ്ജില്‍ എത്തിച്ചശേഷം ചിത്രമെടുത്ത് ആണ്‍സുഹൃത്തായ ഇബ്രാഹിമിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇബ്രാഹിമുമായുള്ള ബന്ധം നിലനിര്‍ത്താനായി ഇയാളുടെ കുട്ടിയാണെന്ന് വിശ്വസിപ്പിക്കാനാണ് നീതു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മറ്റൊരു വിവാഹബന്ധത്തിലേക്ക് ഇബ്രാഹിം പോകുന്നത് തടയാനും ബ്ലാക്മെയില്‍ ചെയ്യാനുമാണ് നീതു ഇത്തരമൊരു കൃത്യം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
content highlights: child kidnap case in kottayam medical college, hotel cctv visual, neethu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..