yamin
മുഹമ്മദ് യമീൻ

നരിക്കുനി: രണ്ട് ദിവസംമുമ്പുവരെ കളിചിരിയുമായി ഉല്ലാസവാനായി നടന്നിരുന്ന രണ്ടരവയസ്സുകാരൻ അകാലത്തിൽ വിട്ടുപിരിഞ്ഞതിന്റെ ഞെട്ടലിലാണ് പന്നിക്കോട്ടൂർ കുണ്ടായി നിവാസികൾ.

ചെങ്ങളംകണ്ടി അക്ബർ-സന ദമ്പതിമാരുടെ മകൻ മുഹമ്മദ് യമീൻ ശനിയാഴ്ച പുലർച്ചെയാണ് നാടിനെയാകെ നൊമ്പരപ്പെടുത്തി ഓർമയായത്. അയൽപക്കത്തെ ബന്ധുവിന്റെ വിവാഹാഘോഷത്തിലായിരുന്ന കുടുംബം പൊന്നോമനയുടെ വിയോഗം വിശ്വസിക്കാനാകാതെ തളർന്നിരിക്കുകയാണ്.

പത്തോളം കുട്ടികൾ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ ഇപ്പോഴും ചികിത്സയിലാണെന്നത് നാട്ടുകാരെയും ആശങ്കയിലാക്കുന്നു. ഫാത്തിമ നൂറ, ഐറ ഫാത്തിമ, മുഹമ്മദ് ഹംദാൻ, സയാൻ, അയാൻ, റിൻഹ, ഇസ ഫാത്തിമ, ഹുദി, ലയാൻ റൈസ്, മുഹമ്മദ് റയാൻ എന്നിവരാണ് കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലുള്ളത്.

വ്യാഴാഴ്ചയായിരുന്നു യമീനും കുടുംബവും ബന്ധുവീട്ടിലെയും തച്ചംപൊയിലിലെ വധൂഗൃഹത്തിലെയും സത്കാരത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചത്. ബേക്കറി സാധനങ്ങളടങ്ങിയ കിറ്റ് സന്ദർശകർക്ക് നൽകിയിരുന്നു. പുറത്തുനിന്ന് തയ്യാറാക്കിയെത്തിച്ച ഭക്ഷണമാണ് ഇരുവീടുകളിലും വിളമ്പിയിരുന്നത്. ഈ കടകളിലെല്ലാം ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഫലം വരുന്നതുവരെ അടച്ചിടാനും നിർദേശം നൽകി. അതേസമയം വിവാഹം സംബന്ധിച്ച് പഞ്ചായത്തിൽനിന്നോ, ആരോഗ്യവകുപ്പിൽനിന്നോ അനുമതി വാങ്ങിയിരുന്നില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

മുഹമ്മദ് യമീനിന്റെ മൃതദേഹം ഖത്തറിലുള്ള പിതാവ് അക്ബർ നാട്ടിലെത്തിയതിനുശേഷം ഇയ്യാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും.

ഭക്ഷ്യവിഷബാധ സംബന്ധിച്ച് എം.കെ. മുനീർ എം.എൽ.എ. നരിക്കുനി സി.എച്ച്.സി.യിലെത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. അഡിഷണൽ ഡി.എം.ഒ. ഡോ. പിയൂഷ് നമ്പൂതിരി, പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലിം, വൈസ് പ്രസിഡന്റ് മിനി പുല്ലങ്കണ്ടി, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ സൽമ കുമ്പളത്ത്, മെഡിക്കൽ ഓഫീസർ ഡോ. രൂപ തുടങ്ങിയവർ പങ്കെടുത്തു.


ഭക്ഷ്യവിഷബാധയെന്ന് സംശയം

ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നത്. യമീന്റെ സഹോദരി ഇസ ഫാത്തിമ ഉൾപ്പെടെ പത്ത് കുട്ടികൾ ഛർദിയും വയറിളക്കവും ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലാണ്.

ചികിത്സയിലുള്ള കുട്ടികളെല്ലാം പത്തുവയസ്സിൽ താഴെയുള്ളവരാണ്. ഇവരിൽ ആരുടെയും നില ഗുരുതരമല്ല. മുഹമ്മദ് യമീന്റെ മൃതദേഹം ശനിയാഴ്ച കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ആന്തരികാവയങ്ങളുടെ രാസപരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം ഉറപ്പിക്കാനാവൂവെന്ന് പോലീസ് അറിയിച്ചു.

വ്യാഴാഴ്ച മുഹമ്മദ് യമീനും കുടുംബാംഗങ്ങളും വീടിനടുത്തുള്ള ബന്ധുവീട്ടിലെ വിവാഹത്തിൽ പങ്കെടുക്കുകയും തച്ചംപൊയിലിലുള്ള വധുവിന്റെ വീട്ടിൽ വിരുന്നിന് പോവുകയും ചെയ്തിരുന്നു. വിരുന്നിന് പോകവെ കഴിച്ച ഭക്ഷണത്തിൽനിന്ന് കുട്ടിക്ക്‌ ഭക്ഷ്യവിഷബാധയേറ്റതായാണ് കരുതുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് യമീന് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. ആദ്യം എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ നാലരമണിയോടെയാണ് മരിച്ചത്‌. സനയാണ് മുഹമ്മദ്‌ യമീന്റെ മാതാവ്.

Content Highlights: Child died due to food poisoning in kozhikode