തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും എം.എല്‍.എയുമായിരുന്ന സി.എഫ്. തോമസിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു.

പൊതുപ്രവര്‍ത്തനത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് സി.എഫ്. തോമസ് വില കല്‍പിച്ചു-മുഖ്യമന്ത്രി

കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സി.എഫ് തോമസിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം, നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുമായും യോജിക്കാന്‍ തയാറായിരുന്നു.

പൊതുപ്രവര്‍ത്തനത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് അദ്ദേഹം വലിയ വില കല്‍പ്പിച്ചു. കുറച്ചു കാലമായി രോഗബാധിതനായിരുന്ന  അദ്ദേഹം ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിച്ച് പൊതുപ്രവര്‍ത്തനം തുടരുകയായിരുന്നു.

പതിറ്റാണ്ടുകളായി സി.എഫുമായി അടുത്ത ബന്ധമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലെന്ന പോലെ പെരുമാറ്റത്തിലും അദ്ദേഹം അങ്ങേയറ്റം മാന്യത പുലര്‍ത്തി. നിര്യാണം മൂലം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുകള്‍ക്കുമുള്ള ദുഃഖത്തില്‍ പങ്കുചേരുന്നു.


കേരള കോണ്‍ഗ്രസിന്റെ ശക്തനായ തേരാളിയായിരുന്നു സി.എഫ്. തോമസ്- ചെന്നിത്തല

കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തനായ തേരാളിയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച വ്യക്തിയാണ് സി.എഫ്. തോമസ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സാധാരണക്കാരുടേയും ജനങ്ങളുടേയും ഇടയില്‍ പ്രവര്‍ത്തിച്ച സി.എഫ്.സാര്‍ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. 1980 മുതല്‍ നിയമസഭയില്‍ സ്ഥിരസാന്നിധ്യമായി മാറിയ അദ്ദേഹം ലളിതജീവിതത്തിന് ഉടമയായിരുന്നു.

കേരള രാഷ്ട്രീയത്തില്‍ കാറും കോളുമുണ്ടാകുമ്പോള്‍ അതിനെ ധീരമായി നേരിട്ട മുന്‍മന്ത്രിയെന്ന നിലയിലും അദ്ദേഹത്തെ നമുക്ക് ഓര്‍മിക്കാന്‍ സാധിക്കും. ലളിത ജീവിതവും സാധാരണക്കാര്‍ക്കിടയിലെ പ്രവര്‍ത്തനവും അദ്ദേഹത്തെ ജനപ്രിയ നിയമസഭാസാമാജികനും മന്ത്രിയുമാക്കി.

വ്യക്തിപരമായി തനിക്ക് വളരെയേറെ അടുപ്പമുണ്ടായിരുന്ന വ്യക്തിയാണ് സി.എഫ്.തോമസെന്നും ചെന്നിത്തല പറഞ്ഞു. കുടുംബത്തിനും നാടിനും ഉണ്ടായ നഷ്ടത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ദുഃഖത്തില്‍ താനും പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlight: chiefminister pinarayi vijayan and oppositionleader ramesh chennithala condoled over cf thomas death