കോഴിക്കോട്: അട്ടപ്പാടിയില്‍ മാവോവാദികള്‍ക്കെതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. ജനാധിപത്യ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തീവ്രവാദികളാണെന്നും ഒരുകാരണവശാലും ഇത്തരം ആശയങ്ങളെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കി. മാവോവാദി തീവ്രവാദികളില്‍നിന്ന് ജനങ്ങളെ രക്ഷിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. 

പലരീതികളിലും തീവ്രവാദികള്‍ നമ്മള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. തീവ്രവാദികളുമായി ബന്ധപ്പെട്ട 16-ഓളം സംഘടനകള്‍ നഗരമേഖലകളില്‍ പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. അവര്‍ ആദ്യം മനുഷ്യത്വമുഖമായി പ്രവര്‍ത്തിക്കുകയും നിഷ്‌കളങ്കരായി നടിക്കുകയും ചെയ്യും. പക്ഷേ, അവര്‍ തന്നെ നിഷ്‌കളങ്കരായവര്‍ക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നു. 

അട്ടപ്പാടി അഗളിയില്‍ നടന്ന വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ കൃത്യനിര്‍വഹണം മാത്രമാണ് നടത്തിയത്. ആയുധങ്ങളേന്തിയ മാവോവാദികള്‍ക്ക് സാധാരണക്കാര്‍ക്കുള്ള മനുഷ്യാവകാശങ്ങളും വിശേഷാധികാരങ്ങളും നല്‍കണമെന്ന് വാദിക്കുന്നതില്‍ യുക്തിയില്ല. 

2004 സെപ്റ്റംബറിലാണ് സിപിഐ മാവോയിസ്റ്റ് എന്ന സംഘടന നിലവില്‍വന്നത്. നേരത്തെയുണ്ടായിരുന്ന സിപിഐ(മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) പീപ്പിള്‍സ് വാര്‍ ആന്‍ഡ് കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് സിപിഐ മാവോയിസ്റ്റ് നിലവില്‍വന്നത്. ജനാധിപത്യ സര്‍ക്കാരിനെ സായുധവിപ്ലവത്തിലൂടെ അട്ടിമറിച്ച് 
2050-ഓടെ രാജ്യത്തെ ഭരണം അവരുടെ നിയന്ത്രണത്തിലാക്കണമെന്നാണ് അവരുടെ ലക്ഷ്യം. കേരളത്തില്‍ പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളിലാണ് അവരുടെ പ്രവര്‍ത്തനമെന്നും ചീഫ് സെക്രട്ടറി ലേഖനത്തില്‍ പറയുന്നു. 

അയല്‍സംസ്ഥാനങ്ങളില്‍ നടപടികള്‍ കര്‍ശനമാക്കിയതോടെ കേരളമാണ് അവര്‍ സുരക്ഷിതകേന്ദ്രമായി കാണുന്നത്. ഇക്കാര്യം മനസിലാക്കുന്നതില്‍ പലരും പരാജയപ്പെട്ടിരിക്കുന്നു. നമ്മുടെ സുരക്ഷാസേനകള്‍ മാവോവാദികളുമായി നടത്തിയ ഏറ്റുമുട്ടലുകളെല്ലാം തികച്ചും യാദൃശ്ചികമാണ്. ഒന്നുകില്‍ കൊല്ലാം അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം. അതിര്‍ത്തിയില്‍ ശത്രുക്കള്‍ക്കെതിരെ പോരാടുന്ന സൈനികരെ നാം ഒരിക്കലും മോശമായി ചിത്രീകരിക്കാറില്ല. അവരെ നമ്മള്‍ അഭിനന്ദിക്കുകയാണ് ചെയ്യാറുള്ളത്. പക്ഷേ മാവോവാദി ഭീകരരില്‍നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷപ്പെടുത്തിയ പോലീസ് സേനയെ എന്തുകൊണ്ടാണ് കുറ്റപ്പെടുത്തുന്നതെന്നും ചീഫ് സെക്രട്ടറി ലേഖനത്തില്‍ ചോദിക്കുന്നു. 

Content Highlights: chief secretary tom jose ias writes about attappadi maoist encounter in times of india newspaper