ആഭ്യന്തര, തദ്ദേശ, ആരോഗ്യവകുപ്പുകളുടേത് മോശം പ്രകടനം; വിമർശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി ഇന്ന്‌


മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അല്ലെന്ന് കുറ്റപ്പെടുത്തുന്ന സിപിഎം സംസ്ഥാന സമിതിയുടെ വിലയിരുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മറുപടി പറയും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനസമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിമര്‍ശനമുള്ളത്. പൊതു അംഗീകാരം സര്‍ക്കാരിനുണ്ടെങ്കിലും വകുപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്നില്ലെന്നായിരുന്നു വിമർശനം.

ആഭ്യന്തരം, തദ്ദേശം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങി സിപിഎം മന്ത്രിമാര്‍ കൈകാര്യംചെയ്യുന്ന വകുപ്പുകള്‍ക്കെതിരെയും ഭക്ഷ്യം, വൈദ്യുതി, ഗതാഗതം അടക്കമുള്ള ഘടകക്ഷി മന്ത്രിമാര്‍ കൈകാര്യംചെയ്യുന്ന വകുപ്പുകള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് സമിതിയില്‍ ഉയര്‍ന്നത്. സര്‍ക്കാരിനെതിരായ പ്രചാരണങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നും സിപിഎം സംസ്ഥാനസമിതി ചര്‍ച്ചചെയ്യുന്നുണ്ട്.

ആഭ്യന്തരം, തദ്ദേശം, ആരോഗ്യം തുടങ്ങി ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന വകുപ്പുകളുടെ പ്രവര്‍ത്തനം വളരെ മോശമാണെന്നും പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്നും വിലയിരുത്തലുണ്ടായി. സിപിഐ കൈകാര്യം ചെയ്യുന്ന ഭക്ഷ്യവകുപ്പ് വിലകയറ്റം പിടിച്ചുനിര്‍ത്താനുള്ള ഒരിടപെടലും നടത്തുന്നില്ല. കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ പണമില്ലെന്ന് പറയുക മാത്രമാണ് ഗതാഗത മന്ത്രി ആന്റണി രാജു ചെയ്യുന്നത്. തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തനമാണ് വൈദ്യുതിവകുപ്പിലെന്നും വിലയിരുത്തലുണ്ടായി.

മന്ത്രിസഭാ പുനഃസംഘടന നടത്തണോ എന്നതക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മറുപടിക്കനുസരിച്ചാകും ഉണ്ടാകുക. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.

സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത സ്വയംഭരണ അധികാരകേന്ദ്രങ്ങളായി ചില പോലീസുകാര്‍ മാറുന്നുണ്ടെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥിനെ അറസ്റ്റ് ചെയ്തതിലുള്ള വീഴ്ചയും എകെജി സെന്റര്‍ ആക്രമണത്തിലെ പ്രതിയെ പിടികൂടാനാകാത്തതും ആളുകള്‍ക്ക് സര്‍ക്കാരിനെ പരിഹസിക്കാനുള്ള അവസരങ്ങളായെന്നും വിലയിരുത്തലുണ്ടായി. പോലീസ് ഉദ്യോഗസ്ഥരുടെ എടുത്തചാട്ടം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു. ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നും വിലയിരുത്തലുണ്ടായി.

മന്ത്രിമാരുടെ പേരെടുത്ത് വിമര്‍ശനമുണ്ടായില്ല, പകരം വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു വിമര്‍ശനം. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട് ജനങ്ങള്‍ പ്രതീക്ഷയോടെത്തന്നെയാണ് ഉള്‍ക്കൊള്ളുന്നതെന്ന് റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് അംഗങ്ങള്‍ പറഞ്ഞു. പക്ഷേ, ചിലമന്ത്രിമാരുടെ പ്രവര്‍ത്തനം അടിമുടി മാറേണ്ടതുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിനെ മുന്‍നിര്‍ത്തിയാണ് തുടര്‍ഭരണത്തെയും ജനങ്ങള്‍ അളക്കുന്നത്. അതനുസരിച്ച് ഈ സര്‍ക്കാര്‍ ഏറെ പിന്നിലാണ്. പ്രാദേശികപ്രശ്‌നങ്ങള്‍ ജനപ്രതിനിധികളെയും മന്ത്രിമാരെയും ബോധ്യപ്പെടുത്തി പരിഹരിക്കാന്‍ ശ്രമിക്കണമെന്നാണ് പാര്‍ട്ടിനിര്‍ദേശം. എന്നാല്‍, വിളിച്ചാല്‍ ഫോണെടുക്കാത്ത മന്ത്രിമാരുണ്ടെന്ന് അംഗങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത് മന്ത്രിമാര്‍ ജനങ്ങള്‍ക്കിടയിലുണ്ടെന്ന തോന്നല്‍ അവര്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ 'ഓണ്‍ലൈന്‍' പ്രവര്‍ത്തനമാണ് ചില മന്ത്രിമാര്‍ക്ക് താത്പര്യമെന്ന് തോന്നിപ്പോകും. പ്രാദേശിക രാഷ്ട്രീയപ്രാധാന്യം ബോധ്യപ്പെടുത്തിയാല്‍പ്പോലും മന്ത്രിമാര്‍ പരിപാടിക്ക് എത്താത്ത സ്ഥിതിയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളിലേക്ക് ഇറങ്ങാന്‍ സര്‍ക്കാരും പാര്‍ട്ടിയും ഒന്നുചേര്‍ന്നുള്ള പ്രവര്‍ത്തനത്തിനാണ് സി.പി.എം. രൂപംനല്‍കുന്നത്. ഇതനുസരിച്ച് സര്‍ക്കാര്‍ ജനപ്രിയ പരിഷ്‌കരണവും നടപ്പാക്കും.

Content Highlights: Chief Minister will reply to CPM state committee's criticism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented