തിരുവനന്തപുരം: പുതിയ കാര്‍ഷിക നിയമങ്ങള്‍ തള്ളിക്കളയാനുള്ള പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ നടപടിക്കെതിരെ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി കത്തെഴുതി.

പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളിയിരുന്നു. ബുധനാഴ്ചയാണ് പ്രത്യേക നിയമസഭ സമ്മേളനം കൂടാനിരുന്നത്. എന്നാല്‍ ഗവര്‍ണര്‍ അനുമതി നിഷേധിച്ചതോടെ ബുധനാഴ്ച പ്രത്യേക നിയമസഭ സമ്മേളനം നടക്കില്ല.

പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനുള്ള അടിയന്തരസാഹചര്യമില്ല എന്ന ഗവര്‍ണറുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം വളര്‍ന്നത് അടുത്തദിവസങ്ങളിലാണ്. കേരളത്തിന് കര്‍ഷകസമൂഹവും കാര്‍ഷികമേഖലയും നേരിടുന്ന പ്രശ്‌നങ്ങളില്‍ ഉത്കണ്ഠയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിലെ പ്രധാന പരാമര്‍ശങ്ങള്‍

* അടിയന്തരസാഹചര്യമില്ല എന്ന വാദം തെറ്റ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം വളര്‍ന്നത് അടുത്തദിവസങ്ങളിലാണ്. കേരളത്തിന് കര്‍ഷകസമൂഹവും കാര്‍ഷികമേഖലയും നേരിടുന്ന പ്രശ്‌നങ്ങളില്‍ ഉത്കണ്ഠയുണ്ട്.

* ഗവര്‍ണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന് ) അനുച്ഛേദത്തിനു വിരുദ്ധം. സഭ വിളിക്കാനോ സഭാസമ്മേളനം അവസാനിപ്പിക്കാനോ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല.

* രാഷ്ട്രപതിയും ഗവര്‍ണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണു പ്രവര്‍ത്തിക്കേണ്ടത്. പഞ്ചാബും ഷംസീര്‍ സിങ്ങും തമ്മിലുള്ള കേസില്‍ (1975) സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

* സഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാര്‍ശ ചെയ്താല്‍ അതനുസരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് സര്‍ക്കാരിയ കമ്മിഷനും (കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് ശുപാര്‍ശ സമര്‍പ്പിച്ച കമ്മിഷന്‍) പറഞ്ഞിട്ടുണ്ട്. സഭ വിളിക്കാന്‍ മന്ത്രിസഭ ശുപാര്‍ശചെയ്താല്‍ അത് നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. കീഴ്വഴക്കങ്ങളും അതുതന്നെയാണ്.

content highlights: chief minister pinarayi vijayan writes letter to governor