തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇ.ഡി. അന്വേഷണത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് കത്തയച്ചു. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച്, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നിര്‍ദ്ദേശപ്രകാരം ഇ.ഡി. പ്രവര്‍ത്തിക്കുകയാണെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു.

രാഷ്ട്രീയ നേട്ടത്തിന് ഇ.ഡിയെ ഉപയോഗിക്കുന്നതിനെതിരേ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വിജയയാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ നിര്‍മലാ സീതാരാമന്‍, സംസ്ഥാന സര്‍ക്കാരിനും കിഫ്ബിക്കും എതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇ.ഡി., കിഫ്ബിക്കെതിരെ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ നല്‍കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.

കിഫ്ബിയിലെ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കാന്‍ ഇ.ഡി. നിരന്തരം ശ്രമിക്കുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കേ കേന്ദ്ര അന്വേഷണ ഏജന്‍സികളെ അനാവശ്യമായി ഉപയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് കേന്ദ്രധനമന്ത്രി ശ്രമിക്കുന്നത്. ഇതിന് കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഉപയോഗപ്പെടുത്തുന്നെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

അന്വേഷണത്തിന് അനാവശ്യധൃതിയാണ് കേന്ദ്രഏജന്‍സികള്‍ കാണിക്കുന്നത്. കിഫ്ബിയുടെ സി.ഇ.ഒയെ ചോദ്യംചെയ്യാന്‍ വിളിക്കുമെന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഇതുവരെയും ഇ.ഡിയില്‍നിന്ന് ഒരു അറിയിപ്പ് ലഭിച്ചിട്ടില്ല. പൊതുജനങ്ങള്‍ക്ക് ഉള്ള വിശ്വാസം ഇല്ലാതാക്കാനേ ഇത്തരം നടപടികള്‍ ഉപകരിക്കൂ. തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വം നടത്താനും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീതിപൂര്‍വവുമായ ഇടപെടല്‍ ഉണ്ടാകാനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

contenyt highlights: chief minister pinarayi vijayan writes letter to chief election commissioner