ഭക്ഷ്യമേഖലയില്‍ 150 കോടിയുടെ നിക്ഷേപവാഗ്ദാനം, കേരളത്തില്‍ നോര്‍വീജിയന്‍ കമ്പനികളുടെ സംഗമം നടത്തും


മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപ സംഗമത്തിൽ സംസാരിക്കുന്നു |ഫോട്ടോ:facebook.com/CMOKerala

തിരുവനന്തപുരം: കേരളത്തില്‍ നിക്ഷേപ താല്‍പര്യങ്ങളുള്ള നോര്‍വീജിയന്‍ കമ്പനികളുടെ ഇന്ത്യന്‍ ചുമതലക്കാരുടെ സംഗമം ജനുവരിയില്‍ കേരളത്തില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ നിക്ഷേപ സാധ്യതകളെ സംബന്ധിച്ച് ഓസ് ലെയില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്നോവേഷന്‍ നോര്‍വ്വേ, നോര്‍വ്വേ ഇന്ത്യ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, നോര്‍വ്വീജിയന്‍ ബിസിനസ് അസോസിയേഷന്‍ ഇന്ത്യ, എന്നീ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസിയും ഇന്ത്യയിലെ നോര്‍വ്വീജിയന്‍ എംബസിയും ചേര്‍ന്നാണ് ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചത്. അമ്പത് പ്രധാന കമ്പനികളിലെ പ്രതിനിധികള്‍ പങ്കെടുത്തു.

ഹൈഡ്രജന്‍ പ്രോയുടെ സിഇഒ എറിക് ബോള്‍സ്റ്റാഡ്, മാലിന്യം വെന്‍ഡിംഗ് മെഷ്യനുകളിലൂടെ സംഭരിച്ച് സംസ്‌കരിക്കുന്ന പ്രശസ്ത കമ്പനിയായ ടോംറയുടെ വൈസ് പ്രസിഡന്റ് ജേക്കബ് റോഹന്‍ ഹോഗ്, മാലിന്യ സംസ്‌കരണത്തിലെ ആഗോള സ്ഥാപനമായ കാമ്പിയുടെ സിഇഒ എറിക് ഫാഡ്‌സ്, എം ടി ആര്‍ കമ്പനിയുടെ സിഇഒ സഞ്ജയ് ശര്‍മ്മ എന്നിവര്‍ അവരവരുടെ സാധ്യതകളെ സംബന്ധിച്ച പ്രസന്റേഷനുകള്‍ അവതരിപ്പിച്ചു.

ഹൈഡ്രജന്‍ ഇന്ധനം, ഭക്ഷ്യ സംസ്‌കരണം, മത്സ്യമേഖല, ഷിപ്പിംഗ്, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ നോര്‍വ്വീജിയന്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഈ മേഖലകളിലെ കേരളത്തിന്റെ സാധ്യതകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. പുതിയ കരട് വ്യവസായ നയം സംരംഭകര്‍ സ്വാഗതം ചെയ്തു.

കേരളത്തില്‍ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ 150 കോടി രൂപയുടെ തുടര്‍നിക്ഷേപം നടത്തുമെന്ന് നോര്‍വീജിയന്‍ കമ്പനി ഓര്‍ക്കലെ ബ്രാന്‍ഡഡ് കണ്‍സ്യൂമര്‍ ഗുഡ്സ് അറിയിച്ചതായും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സി.ഇ.ഒ. ആറ്റ്ലെ വിഡര്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. ഭക്ഷ്യസംസ്‌കരണ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിനും കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പുവരുത്തുന്ന സംവിധാനം ഏര്‍പ്പെടുത്താനുമാണ് ഓര്‍ക്കലെയുടെ തീരുമാനം. പാരമ്പര്യേതര ഊര്‍ജരംഗത്തും നിക്ഷേപംനടത്താന്‍ കമ്പനിക്ക് ലക്ഷ്യമുണ്ടെന്ന് നോര്‍വേയില്‍നടന്ന വ്യവസായ അവസരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ആറ്റ്ലെ വ്യക്തമാക്കി.

കേരളത്തിലെ പ്രമുഖ ബ്രാന്‍ഡായ ഈസ്റ്റേണിന്റെ 67 ശതമാനം ഓഹരി വാങ്ങിയ ഓര്‍ക്കലെ ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളം സുഗന്ധവ്യഞ്ജന മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കേന്ദ്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മത്സ്യകയറ്റുമതിയില്‍ മൂന്നാം സ്ഥാനത്തുള്ള കേരളത്തിലാണ് ഇന്ത്യയിലെ യൂറോപ്യന്‍ അംഗീകാരമുള്ള സീ ഫുഡ് കമ്പനികളുടെ 75 ശതമാനവുമുള്ളത്. നേന്ത്രക്കായ, മരച്ചീനി, ചക്ക തുടങ്ങിയവയുടെ ഉത്പാദനത്തിലും കേരളം മുന്‍പിലാണ്. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഭക്ഷ്യസംസ്‌കരണ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓര്‍ക്കലെയുടെ തുടര്‍നിക്ഷേപത്തിന് സഹായംനല്‍കാന്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തും. മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ വെങ്കിട്ടരാമന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഈസ്റ്റേണ്‍ ഫുഡിന്റെ നവാസ് മീരന്‍ നിക്ഷേപകസംഗമത്തില്‍ ഓര്‍ക്കലെയെ പ്രതിനിധീകരിച്ച് ഓണ്‍ലൈനായി പങ്കെടുത്തു.


തുരങ്കപാത നിര്‍മാണത്തില്‍ നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും


തിരുവമ്പാടി: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണത്തില്‍ നോര്‍വീജിയന്‍ ജിയോ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നോര്‍വേ സന്ദര്‍ശനത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ഏഴുകിലോമീറ്റര്‍ അടിയിലുള്ള പാറയുടെ സ്വഭാവം മനസ്സിലാക്കാനുളള സാങ്കേതികവിദ്യ ഇവരുടെ പക്കലുണ്ട്. തുരങ്കപാത നിര്‍മാണത്തിന് ഇത് ഏറെ ഉപകാരപ്രദമാകും. മണ്ണിടിച്ചില്‍, തീരശോഷണം എന്നിവയിലും സഹകരിച്ചുപ്രവര്‍ത്തിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇതിനായി വിവിധ മേഖലയിലെ വിദഗ്ധരെ തിരുവമ്പാടിയിലേക്കയക്കാന്‍ ധാരണയായതായും ലിന്റോ ജോസഫ് എം.എല്‍.എ. അറിയിച്ചു.

തുരങ്കപാതയ്ക്കും അനുബന്ധറോഡുകള്‍ക്കുമായി 11.1586 ഹെക്ടര്‍സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരിക. പാതയ്ക്ക് 2043.74 കോടി രൂപയുടെ ഭരണാനുമതി നേരത്തേ ലഭിച്ചതാണ്. 8.11 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് തുരങ്കം നിര്‍മിക്കുന്നത്. പത്തുമീറ്റര്‍ വീതിയുള്ള ഇരട്ടത്തുരങ്കങ്ങളാണ് നിര്‍മിക്കുക. വയനാട് ചുരത്തിന് ബദലായി നിര്‍മിക്കുന്ന തുരങ്കപാത മലബാറിലെ യാത്രാദുരിതത്തിന് ആശ്വാസമാകുമെന്നാണ് കരുതുന്നത്.


Content Highlights: Chief Minister Pinarayi Vijayan's visit to Norway-Investment offer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented