ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് രാജ്യതലസ്ഥാനത്തും സുരക്ഷ വര്‍ധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. സഞ്ചിരിക്കുന്നതിനായി ബുള്ളറ്റ് പ്രൂഫ് കാര്‍ നല്കി. ജാമര്‍ ഘടിപ്പിച്ച വാഹനവും മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തി. നാല് കമാന്‍ഡോകളടക്കം 15 ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷക്കായുണ്ട്.
സാധാരണ മുഖ്യമന്ത്രിക്ക് രണ്ട് കമാന്‍ഡോസിനേയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഡല്‍ഹി പോലീസിനൊപ്പം കേരള പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്നുണ്ട്.
പോളിറ്റ്ബ്യൂറോ യോഗത്തിനായിട്ടാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്. അതേ സമയം ഇന്നലെ രാത്രിയില്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ മുഖ്യമന്ത്രി സാധാരണ യാത്ര ചെയ്യാറുള്ള വാഹനത്തില്‍ തന്നെയാണ് എ.കെ.ജി ഭവനിലേക്കെത്തിയത്.
അട്ടപ്പാടിയില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാവോവാദി അര്‍ബന്‍ വിഭാഗത്തിന്റെ ഭീഷണിയുണ്ടായിരുന്നു. ഭീഷണിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു.വടകര പോലീസ് സ്റ്റേഷനിലും 'മാതൃഭൂമി' വടകര ഓഫീസിലുമാണ് ഭീഷണിക്കത്ത് എത്തിയത്. അര്‍ബന്‍ ആക്ഷന്‍ ടീമിനു വേണ്ടി പശ്ചിമഘട്ട കബനീ ദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദര്‍ മുസാം ആണ് കത്തില്‍ ഒപ്പിട്ടത്. പേരാമ്പ്ര എസ്.ഐ. ആയിരുന്ന പി.എസ്. ഹരീഷിനും കത്തില്‍ ഭീഷണിയുണ്ട്. സാധാരണക്കാരെ തല്ലിച്ചതച്ച എസ്.ഐ.യെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതുപോലെ കാണുമെന്നാണ് ഭീഷണി.
Content Highlights: Chief Minister pinarayi vijayan's security has been increased in Delhi